ഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്തിയ ട്രെയിനുകളില്‍ ബാക്കിയാവുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ്
തീരുമാനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും
ഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്തിയ ട്രെയിനുകളില്‍ ബാക്കിയാവുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്‍കാന്‍ റെയില്‍വേ തീരുമാനം. ഇത്തരം ട്രെയിനുകളിലെ തല്‍കാല്‍ ക്വാട്ട പരീക്ഷണാടിസ്ഥാനത്തില്‍ 10% വെട്ടിക്കുറച്ചു. തീരുമാനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ ട്രെയിനുകളിലും ആര്‍എസി സീറ്റുകള്‍ വര്‍ധിപ്പിക്കാനും റെയില്‍വെയുടെ അവലോകനയോഗം തീരുമാനിച്ചു.
രാജധാനി, തുരന്തോ, ശദാബ്ദി ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന രീതിയായ ഫ്ലെക്സി നിരക്ക് സമ്പ്രദായം മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വെ നടപ്പാക്കിയിരുന്നു. ഇതിനുശേഷം ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത്തരം ട്രൈനുകളില്‍ യാത്ര ആരംഭിക്കും മുമ്പ് ബാക്കിയാകുന്ന ടിക്കറ്റുകള്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനം. ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ബാക്കി വരുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്കും. യാത്ര തുടങ്ങിക്കഴിഞ്ഞ് ട്രെയിനില്‍ വച്ച് ടി.ടി. ഇ നല്‍കുന്ന ടിക്കറ്റുകള്‍ക്കും ഈ ഇളവുണ്ടാകും. അതേസമയം ഇത്തരം ട്രെയിനുകളിലെ തല്‍ക്കാല്‍ ടിക്കറ്റുകളുടെ എണ്ണം കുറക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി.
പരീക്ഷണാടിസ്ഥാനത്തില്‍ 10 ശതമാനം കുറവാണ് തല്‍ക്കാല്‍ ടിക്കറ്റ് എണ്ണത്തില്‍ വരുത്തുക. രണ്ടാഴ്ച കഴിഞ്ഞ് പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം മുപ്പത് ശതാമനം വരെ തല്‍ക്കാല്‍ ടിക്കറ്റുകളുടെ എണ്ണം കുറച്ചേക്കും. എല്ലാ ട്രെയിനുകളിലും ആര്‍എസി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി. സ്ലീപ്പര്‍, സെക്കന്‍റ് എസി കോച്ചുകളില്‍ രണ്ട് ബെര്‍ത്ത് വീതവും തെര്‍ഡ് എസി കോച്ചില്‍ ഒരു ബെര്‍ത്തുമാണ് വര്‍ധിപ്പിക്കുക. ആര്‍എസി സീറ്റുകളുടെ ഈ വര്‍ധനവ് അടുത്തമാസം 17നേ പ്രാബല്യത്തിലാകൂ.