ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു
12 ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്
ഉത്തര്‍പ്രദേശില്‍ മൂന്നം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 61.16 ശതമാനം പോളിങ് രേഖപ്പെടുത്തി. മുഖ്യമന്ത്രി അഖിലേഷ് യാദവ്, പിതാവ് മുലായം സിങ് യാദവ്, ബിഎസ്പി നേതാവ് മായാവതി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ വോട്ട് രേഖപ്പെടുത്തി.
രാവിലെ ഏഴ് മണിക്കാരംഭിച്ച പോളിംഗ് തുടക്കത്തില്‍ മന്ദ ഗതിയിലായിരുന്നു. എന്നാല്‍ പതിനൊന്ന് മണി മുതല്‍ പോളിങ് ശതമാനം ക്രമാതീതമായി വര്‍ധിച്ചു. 2012ല്‍ 59 ശതമാനം മാത്രമായിരുന്നു ഇവിടെ പോളിങ്. ഇതിനെ മറികടക്കുന്ന വോട്ടിങാണ് ഇന്ന് രേഖപ്പെടുത്തിയത്. അഖിലേഷ് യാദവിന്റെയും ശിവപാല്‍ യാദവിന്റെയും ജന്മ ജില്ലയായ ഇറ്റാവയിലും ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. ശിവപാല്‍ മത്സരിക്കുന്ന ജസ്വന്ത് നഗറില്‍ എസ്പി-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഒഴിച്ചു നിര്‍ത്തിയാല്‍ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇറ്റാവയിലെ സെയ്ഫായി ഗ്രാമത്തില്‍ പത്ത് മണിയോടെയെത്തി വോട്ട് രേഖപ്പെടുത്തി. മുലായം സിങ് യാദവ്, രാം ഗോപാല്‍ യാദവ് തുടങ്ങിയവരും സെയ്ഫായി ഗ്രമാത്തിലെത്തി വോട്ട് ചെയ്തു. അഖിലേഷ് ഒരിക്കല്‍ കൂടി യുപിയുടെ മുഖ്യമന്ത്രിയാകുമെന്ന് മുലായം പറഞ്ഞു. ബിഎസ്പി നേതാവ് മായാവതി ലക്നൌവിലാണ് വോട്ട് ചെയ്തത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, ഉമാ ഭാരതി എന്നിവരും ലക്നൌ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി.