ജമ്മുവിലെ ത്രാലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Update: 2018-05-16 08:25 GMT
Editor : Jaisy
ജമ്മുവിലെ ത്രാലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
Advertising

ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടന്ന തിരച്ചലിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്

എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണയോടെ മാത്രമേ ജമ്മുകശ്മീരിലെ തീവ്രവാദവിരുദ്ധപോരാട്ടം വിജയിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജമ്മുകശ്മീരിലെ ത്രാലില്‍ രണ്ട് ലഷ്കറെ ത്വയ്ബ തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു. അതേസമയം അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരേ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് പിഡിപി എംഎല്‍എയുടെ ഡ്രൈവറെയും ഒരു പൊലീസുകാരനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷസേന നടത്തിയ തെരച്ചിലിനിടെയാണ് ത്രാലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും തിരച്ചില്‍ പുരോഗമിക്കുന്നതായും സൈന്യം അറിയിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് ജനങ്ങളും സുരക്ഷസേനയും തമ്മില്‍ സംഘര്‍ഷം തുടരുന്നുണ്ട്. അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരേ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മെഹബുബ മുഫ്തി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടന്നത്.

അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന് ആരോപിച്ച് ഭരണകക്ഷിയായ പിഡിപി എംഎല്‍എ അയ്ജാസ് അഹമ്മദിന്റെ ഡ്രൈവറെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പൊലീസ് ക്യാമ്പില്‍ നിന്ന് കാണാതായ സഹൂര്‍ അഹമ്മദ് എന്ന ഉദ്യോഗസ്ഥന്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നുവെന്നും ആക്രമണത്തിന് ഇയാളുടെ സഹായം ലഭിച്ചുവെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണസംഘം. എന്നാല്‍ സഹൂര്‍ അഹമ്മദ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നുവെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News