ഇരുപാര്‍ട്ടികളുടെയും പരസ്യങ്ങളില്‍ അഭിനയിച്ച് തമിഴ്‍നാട്ടില്‍ താരമായി പാട്ടി
എഐഎഡിഎംകെയുടെയും ഡിഎംകെയുടെയും തെരഞ്ഞെടുപ്പ് പ്രചരണ പരസ്യങ്ങളുടെ മുഖമാണ് ഈ അമ്മ. ഒന്നില്‍ ജയലളിതയെ പുകഴ്ത്തുന്നുവെങ്കില്‍ മറ്റൊന്നില്‍ തള്ളിപ്പറയുന്നുവെന്നുമാത്രം.
67 കാരി കസ്തൂരി പാട്ടിക്ക് പാര്‍ട്ടിയില്ലെങ്കിലും അഭിനയിക്കാന്‍ ഇഷ്ടമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. ഒരുപാട് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു. ഈ അടുത്ത ദിവസം അഭിനയിച്ച രണ്ടു വേഷങ്ങള്‍ ഇത്ര പുലിവാലാകുമെന്ന് പാട്ടി സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. എഐഎഡിഎംകെയുടെയും ഡിഎംകെയുടെയും തെരഞ്ഞെടുപ്പ് പ്രചരണ പരസ്യങ്ങളുടെ മുഖമാണ് ഈ അമ്മ. ഒന്നില്‍ ജയലളിതയെ പുകഴ്ത്തുന്നുവെങ്കില്‍ മറ്റൊന്നില്‍ തള്ളിപ്പറയുന്നുവെന്നുമാത്രം. എന്തായാലും തെരഞ്ഞെടുപ്പ് കാലത്ത് രണ്ടുപാര്‍ട്ടിയുടെയും പരസ്യങ്ങളില്‍ അഭിനയിച്ച് സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ് ഈ മുത്തശ്ശി.
എഐഎഡിഎംകെയുടെ പരസ്യത്തില്‍ ജയലളിതയുടെ അന്നദാനത്തെ പുകഴ്ത്തിക്കൊണ്ട്, മക്കള്‍ തനിക്ക് ഭക്ഷണം തന്നില്ലെങ്കിലും അമ്മ എനിക്ക് ഒപ്പമുണ്ട്.. അമ്മയാണ് തനിക്ക് ഭക്ഷണം തരുന്നത് എന്ന് കരഞ്ഞുപറയുന്ന മുത്തശ്ശിയായാണ് കസ്ത്രൂരി അഭിനയിച്ചത്. എന്നാല്‍ ഡിഎംകെയുടെ പരസ്യത്തില്‍ മക്കളുടെ കാര്യങ്ങള്‍ നോക്കാത്ത അമ്മ എന്ത് അമ്മയാണ് എന്ന് രോഷാകുലയായി ചോദിച്ച് ജയലളിതയുടെ ഭരണത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അവര്‍.
അഭിനയിച്ചത് തെരഞ്ഞെടുപ്പ് പ്രചരണ കാമ്പയിന്‍ വീഡിയോകള്‍ക്ക് വേണ്ടിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് പാട്ടിയുടെ പ്രതികരണം. അഭിനയത്തിന് എഐഎഡിഎംകെ 1500 രൂപയും ഡിഎംകെ 1000 രൂപയും പ്രതിഫലം നല്‍കിയെന്നും അവര്‍ പറയുന്നു. ഒരു ടെലിഫിലിമിന് വേണ്ടി എന്ന് മാത്രമാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പറഞ്ഞത്. പിന്നീടാണ് ഡിഎംകെ പ്രവര്‍ത്തകര്‍ വന്നത്. അവരോട് അമ്മ കാന്റീന്റെ ഷൂട്ടിംഗിന് ഞാന്‍ പോയ വിവരം പറഞ്ഞതാണ്. എന്നിട്ടും പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തില്‍ തന്നെ കരുവാക്കിയെന്ന് അവര്‍ പറയുന്നു.