കഠിയ പ്രയത്‌നത്തിന്റെ കഥയുമായി ഒരമ്മ; മകള്‍ക്കൊപ്പം പത്താം ക്ലാസ് പരീക്ഷ, മകളേക്കാള്‍ മാര്‍ക്കും
ത്രിപുര അഗര്‍ത്തലയിലെ ബിഷല്‍ഗ്രാഫ് ഗ്രാമത്തിലെ 38 കാരിയായ വീട്ടമ്മയാണ് പത്താം ക്ലാസിന് തുല്യമായ ത്രിപുര സര്‍ക്കാരിന്റെ മധ്യമിക് പരീക്ഷ മകള്‍ക്കൊപ്പം എഴുതി മകള്‍ സാഗരികയേക്കാള്‍ മാര്‍ക്ക് നേടുകയും ചെയ്തത്.
ത്രിപുരയില്‍ മകള്‍ക്കൊപ്പം പരീക്ഷയെഴുതിയ അമ്മക്ക് കൂടുതല്‍ മാര്‍ക്ക്. ത്രിപുര അഗര്‍ത്തലയിലെ ബിഷല്‍ഗ്രാഫ് ഗ്രാമത്തിലെ 38 കാരിയായ വീട്ടമ്മയാണ് പത്താം ക്ലാസിന് തുല്യമായ ത്രിപുര സര്‍ക്കാരിന്റെ മധ്യമിക് പരീക്ഷ മകള്‍ക്കൊപ്പം എഴുതി മകള്‍ സാഗരികയേക്കാള്‍ മാര്‍ക്ക് നേടുകയും ചെയ്തത്. ആകെയുള്ള 700ല്‍ 255 മാര്‍ക്ക് അമ്മ സ്മൃതി ഭാനിക്ക് മധ്യമിക് പരീക്ഷയില്‍ നേടിയപ്പോള്‍ മകള്‍ക്ക് ലഭിച്ചത് 238 മാര്‍ക്ക്.
കുട്ടിക്കാലത്തുതന്നെ അച്ഛന്‍ മരിച്ചതിനാല്‍ പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടും കൊണ്ട് സ്മൃതിക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. അതിനിടക്ക് വിവാഹവും കുട്ടികളുമായെങ്കിലും വിദ്യാഭ്യാസമെന്ന ആഗ്രഹം ഉപേക്ഷിച്ചില്ല. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലവും പരീക്ഷ എഴുതാന്‍ ശ്രമിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധമിട്ട് അതിന് വിലങ്ങുതടിയാവുകയായിരുന്നു. പഴയ സിലബസ് പൂര്‍ണമായും മാറിയതോടെ പാസാവുകയെന്നത് എളുപ്പമായിരുന്നില്ലെന്നും സ്മൃതി പറഞ്ഞു.
വൈകുന്നേരം ചായക്കടയും അടച്ച് വീട്ടിലെത്തിയതിന് ശേഷമായിരുന്നു പഠനം. രാത്രി ഏറെ വൈകും വരെ മകളോട് മത്സരിച്ച് പഠിച്ചു. ഒടുവില്‍ മകളോടൊപ്പം ഹയര്‍സെക്കന്ററിക്ക് അര്‍ഹത നേടി. ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ഫലം കണ്ടതിന്റെ ആശ്വാസം സ്മൃതിയുടെ കണ്ണുകളില്‍ കാണാം. ചെറിയ ചായക്കച്ചവടം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന സ്മൃതി ഹയര്‍ സെക്കന്‍ഡറി കൂടി പൂര്‍ത്തിയാക്കി ഒരു ബിരുദധാരിയെങ്കിലും ആവണമെന്ന ആഗ്രഹവുമായി മുന്നോട്ട് പോവുകയാണ്.