"എന്‍റെ മകളെ കൊന്നവരും നിങ്ങളും ചിന്തിക്കുന്നത് ഒരുപോലെ": കര്‍ണാടക മുന്‍ ഡിജിപിയോട് നിര്‍ഭയയുടെ അമ്മ
തന്നെയും മകളെയും കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ ഡിജിപി എച്ച് ടി സാന്‍ഗ്ലിയാനക്ക് മറുപടിയുമായി നിര്‍ഭയയുടെ അമ്മയുടെ തുറന്ന കത്ത്.
തന്നെയും മകളെയും കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ ഡിജിപി എച്ച് ടി സാന്‍ഗ്ലിയാനക്ക് മറുപടിയുമായി നിര്‍ഭയയുടെ അമ്മയുടെ തുറന്ന കത്ത്. "നിര്‍ഭയയുടെ അമ്മയ്ക്ക് നല്ല ആകാരവടിവാണ്. അപ്പോള്‍ മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാമല്ലോ" എന്ന പരാമര്‍ശത്തിനെതിരെയാണ് ആശാദേവി രംഗത്തെത്തിയത്. വനിതാദിനത്തോട് അനുബന്ധിച്ച് ബംഗളൂരുവില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് മുന്‍ ഡിജിപി വിവാദ പരാമര്‍ശം നടത്തിയത്. ആരെങ്കിലും ബലാത്കാരത്തിന് ശ്രമിച്ചാല്‍ കീഴടങ്ങുന്നതിലൂടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമെന്ന് പറഞ്ഞതും വിവാദമായിരുന്നു.
കത്തിന്‍റെ പൂര്‍ണരൂപം
നിങ്ങള്‍ എന്‍റെ ശരീരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അത് ഉചിതമാണോ എന്ന് രണ്ടാമതൊരിക്കല്‍ കൂടി ചിന്തിച്ചില്ല. ക്രൂരമായി കൊല്ലപ്പെട്ട എന്‍റെ മകളുമായി ആ പരാമര്‍ശം ബന്ധിപ്പിക്കാന്‍ പാടില്ലെന്നും നിങ്ങള്‍ ചിന്തിച്ചില്ല.
കേട്ടാലറയ്ക്കുന്ന പരാമര്‍ശത്തിന് ശേഷം പെണ്‍കുട്ടികളോടുള്ള നിങ്ങളുടെ ഉപദേശം എല്ലാ പരിധികളും ലംഘിക്കുന്നതായിരുന്നു. ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ അവര്‍ക്ക് കീഴടങ്ങുന്നതിലൂടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമെന്നാണ് നിങ്ങള്‍ പറഞ്ഞത്.
ആ പൈശാചിക നിമിഷത്തിലെ എന്‍റെ മകളുടെ ചെറുത്തുനില്‍പ്പിനെ അപമാനിക്കുക മാത്രമല്ല നിങ്ങള്‍ ചെയ്തത്. മറിച്ച് രോഗാതുരമായ പുരുഷാധിപത്യ മനോഭാവമാണ് പ്രകടിപ്പിച്ചത്. അതേപോലെയാണ് എന്‍റെ മകളെ ബലാത്സംഗം ചെയ്തവരും ചിന്തിച്ചത്. എന്‍റെ മകള്‍ ചെറുത്തുനിന്നത് അവര്‍ക്ക് സഹിക്കാനായില്ല. സമൂഹത്തിന്‍റെ രക്ഷകരെന്നു പറയപ്പെടുന്ന നിങ്ങളെപ്പോലുള്ളവരും കുറ്റവാളികളും ഒരേ രീതിയില്‍ ചിന്തിക്കുന്നത് ലജ്ജാകരമാണ്. അവരുടെയും നിങ്ങളുടെയും ചിന്തകളില്‍ ഒരു വ്യത്യാസവും എനിക്ക് കാണാന്‍ കഴിയുന്നില്ല.
പെണ്‍കുട്ടികള്‍ ഒന്നിനോടും പ്രതികരിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലരാണെന്നും ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ കീഴടങ്ങേണ്ടവരാണെന്നുമുള്ള പിന്തിരിപ്പന്‍ മനോഭാവമാണ് താങ്കളുടേതും. ഇന്ത്യയിലെ പട്ടാളക്കാര്‍ക്കും ഇതേ രീതിയിലുള്ള ഉപദേശം തന്നെയാണോ നല്‍കുക എന്നാണ് എനിക്ക് അവസാനമായി നിങ്ങളോട് ചോദിക്കാനുള്ളത്. അതിര്‍ത്തിയില്‍ രാവും പകലും കാവല്‍ നില്‍ക്കുന്ന അവരോട് ആക്രമിക്കപ്പെട്ടാല്‍ ആയുധങ്ങള്‍ കളഞ്ഞ് കീഴടങ്ങി ജീവന്‍ രക്ഷിക്കാനാണോ നിങ്ങള്‍ പറയുക?