കര്‍ണാടകയില്‍ ജീവിക്കുന്നവര്‍ ആരായാലും നിര്‍ബന്ധമായി കന്നഡ പഠിക്കണമെന്ന് സിദ്ധരാമയ്യ
കര്‍ണാടക സംസ്ഥാന രൂപീകരണ ദിനമായ നവംബര്‍ ഒന്നിന് തലസ്ഥാനത്ത് സംഘടിപ്പിച്ച കര്‍ണാടക രാജ്യോത്സവ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
കര്‍ണാടകയില്‍ ജീവിക്കുന്നവര്‍ ആരായാലും നിര്‍ബന്ധമായി കന്നഡ ഭാഷ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക സംസ്ഥാന രൂപീകരണ ദിനമായ നവംബര്‍ ഒന്നിന് തലസ്ഥാനത്ത് സംഘടിപ്പിച്ച കര്‍ണാടക രാജ്യോത്സവ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇവിടെ ജീവിക്കുന്നവര്‍ ആരായാലും കന്നഡ അറിയുന്നവരായിരിക്കണം. ജീവിക്കുന്ന കാലത്തോളം കന്നഡ പഠിക്കണം ഇവരുടെ കുട്ടികളെയും പഠിപ്പിക്കണം. കന്നഡ പഠിക്കാത്തവര്‍ ഈ സംസ്ഥാനത്തോട് അവമതിപ്പ് പ്രകടിപ്പിക്കുന്നവരാണ്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കന്നഡ പഠിപ്പിക്കണം.
കന്നഡയില്‍ പഠനം നടത്തുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ വിട്ട് കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് കൂട്ടത്തോടെ മാറ്റുന്ന പ്രവണത ഏറിവരികയാണ്. പ്രാഥമിക വിദ്യാഭ്യാസം പ്രാദേശിക ഭാഷകളിലാക്കുന്നതു നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് താന്‍ രണ്ടു തവണ കത്തെഴുതി. എന്നിട്ടും ഒരു പ്രതികരണവുമുണ്ടായില്ലെന്ന് സിദ്ധാരാമയ്യ വെളിപ്പെടുത്തി. ഞാന്‍ കന്നഡയെ സ്‌നേഹിക്കുന്നു. എന്നാല്‍ മറ്റു ഭാഷകളോട് ബഹുമാനവുമുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.