രാജസ്ഥാനില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം
മേവാര്‍ സര്‍വകലാശാലയിലെ 6 കശ്മീരി വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനത്തിനിരകളായത്
ഭീകരരെന്നും പെല്ലറ്റ് ഉപയോഗിക്കുന്നവരെന്നും ആരോപിച്ച് രാജസ്ഥാനില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. മേവാര്‍ സര്‍വകലാശാലയിലെ 6 കശ്മീരി വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനത്തിനിരകളായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീര്‍ സ്വദേശികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദേശം നല്‍കി.
ഇന്നലെ വൈകിട്ടായിരുന്നു രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയില്‍ വീട്ടിലേക്കാവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിനായി ചന്തയിലേക്കിറങ്ങിയ കശ്മീരി വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിനിരയായത്. പ്രദേശവാസികളുടെ ഒരു സംഘം പേരും വിലാസവും ചോദിച്ചറിഞ്ഞ ശേഷം ഭീകരരെന്നും പെല്ലറ്റ് ഉപയോഗിക്കുന്നവരെന്നും ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. രാജ്യത്തെ എല്ലാ പൌരന്‍മാരെയും പോലെ തുല്യരാണ് കശ്മീരികളെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
500 കശ്മീരി വിദ്യാര്‍ത്ഥികളും ജമ്മുവില്‍ നിന്നുള്ള 300 വിദ്യാര്‍ത്ഥികളുമാണ് മേവാര്‍ സര്‍വകലാശാലയിലുള്ളത്. മേവാര്‍ സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷവും പശു മാംസം പാകം ചെയ്യുന്നു എന്ന് ആരോപിച്ച് കശ്മീരി വിദ്യാര്‍ത്ഥികളെ മര്‍ദ്ദനത്തിനിരയാക്കിയിരുന്നു.