ശിവ്‍പാല്‍ യാദവ് രാജിവെച്ചു; ജീവനുണ്ടെങ്കില്‍ പാര്‍ട്ടി പിളരില്ലെന്ന് മുലായം
സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രി മുലായംസിങ് യാദവിന്റെ സഹോദരനുമായ ശിവ്‌പാല്‍ സിങ് യാദവ് യുപി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.
സമാജ് വാദി പാര്‍ട്ടിയില്‍ രൂക്ഷമായ അധികാരത്തര്‍ക്കം തീര്‍ക്കാന്‍ മുലായംസിങ് യാദവ് വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടങ്ങി. താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകാന്‍ അനുവദിക്കില്ലെന്ന് മുലായം പറഞ്ഞു. യോഗത്തിന് മുന്നോടിയായി സഹോദരന്‍ശിവ്പാല്‍ യാദവ് മുലായവുമായി കൂടിക്കാഴ്ച നടത്തി., പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ മന്ത്രിസ്ഥാനം രാജിവെച്ചുളള ശിവ്പാലിന്റെ രാജിക്കത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവ് തളളി
മുഖ്യമന്ത്രി അഖിലേഷ് യാദവുമായുളള തര്‍ക്കത്തെത്തുടര്‍ന്ന് മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് മന്ത്രിസ്ഥാനവും പാര്‍ട്ടി നേതൃസ്ഥാനങ്ങളും രാജിവെച്ചതോടെയാണ് ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടായത്. ഇതേതുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തത്. ഇന്ന് നടക്കുന്ന യോഗത്തില്‍ ശിവ്പാല്‍ പങ്കെടുക്കില്ലെന്ന് ഊഹാപോഹങ്ങള്‍ക്കിടെ താന്‍ പാര്‍ട്ടിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കി ശിവ്‍പാല്‍ രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശിവ്പാല്‍ നേരെ പോയത് ജ്യേഷ്ഠന്‍ മുലായം സിങ് യാദവിന്റെ അടുത്തേക്കാണ്. പാര്‍ട്ടി യോഗം ചേരുന്നതിന് മുന്‍പായി ഇരുവരും ലക്നൌവിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ താന്‍ എടുക്കാന്‍ പോകുന്ന നിലപാടുകളെ കുറിച്ചാണ് ശിവ്പാല്‍ സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവ്പാല്‍ കൈവശംവെച്ചിരുന്ന പൊതുമരാമത്ത്, ജലസേചന വിഭാഗങ്ങളില്‍നിന്ന് ഒഴിവാക്കി സാമൂഹികക്ഷേമ വകുപ്പില്‍ ഒതുക്കിയതില്‍ പ്രതിഷേധിച്ച് ശിവ്പാല്‍ നേരത്തേ പരാതിയുമായി മുലായമിനെ സമീപിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു രാജിവെക്കല്‍. ജ്യേഷ്ഠ പുത്രന്‍ അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നും മുലായമിനെ മാത്രമേ നേതാവായി കാണാനാകൂ എന്നുമാണ് ശിവ്പാലിന്റെ നിലപാട്. അതിനിടെ ശിവ്പാലിന്റെ രാജിക്കത്ത് തളളിയതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചു.