ബി.ജെ.പി നേതാവിൽനിന്ന് 45 കോടിയുടെ അസാധുനോട്ടുകൾ പിടികൂടി
ചില തമിഴ് സിനിമ താരങ്ങൾ ഇയാൾ വഴിയാണ് മുമ്പ് അസാധുനോട്ടുകൾ മാറിയിരുന്നത്. ദണ്ഡപാണിയുടെ പക്കൽ അസാധുനോട്ടുകളുള്ള വിവരം ഇയാളുടെ സഹോദരനാണ് പൊലീസിനെ അറിയിച്ചത്.
കോടമ്പാക്കത്തെ വസ്ത്ര വ്യാപാരിയായ ബി.ജെ.പിയുടെ പ്രാദേശിക നേതാവിൽനിന്ന് 45 കോടി രൂപയുടെ അസാധുനോട്ടുകൾ പൊലീസ് കണ്ടെടുത്തു. സംഭവത്തെ തുടർന്ന് കോടമ്പാക്കം സക്കരിയ കോളനി സെക്കൻഡ് സ്ട്രീറ്റിലെ എം.വി. രാമലിംഗം ആൻഡ് കമ്പനി ഉടമ ദണ്ഡപാണിയെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരുന്നു. രഹസ്യ സന്ദേശത്തെത്തുടർന്ന് വ്യാഴാഴ്ച രാവിലെ ഇയാളുടെ വീട്ടിലും കടയിലും ഒരേസമയം പൊലീസ് പരിശോധന നടത്തുകയായിരുന്നു. കടകളിൽ വസ്ത്രങ്ങളിൽ പൊതിഞ്ഞ നിലയിലാണ് 500, 1000 രൂപയുടെ നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്.
സമീപത്തെ ഇയാളുടെ വീട്ടിൽനിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അസിസ്റ്റൻറ് കമീഷണർ സെൽവം പറഞ്ഞു. പൊലീസ് വകുപ്പിന് കരാർ അടിസ്ഥാനത്തിൽ യൂനിഫോം തയിച്ച് നൽകുന്നതിനു പുറമെ സിനിമ ഷൂട്ടിങ്ങിന് വാടകക്ക് വസ്ത്രങ്ങൾ നൽകുന്ന സ്ഥാപനമാണിത്. അസാധുനോട്ടുകൾ മാറിനൽകാനായി പ്രമുഖ സ്വർണക്കട ഉടമ രണ്ട് ദിവസം മുമ്പ് എത്തിച്ച പണമാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഷൂട്ടിങ്ങിന് വസ്ത്രങ്ങൾ നൽകുന്ന പരിചയത്തിൽ ദണ്ഡപാണിക്ക് സിനിമ മേഖലയുമായി ബന്ധമുണ്ട്.
ചില തമിഴ് സിനിമ താരങ്ങൾ ഇയാൾ വഴിയാണ് മുമ്പ് അസാധുനോട്ടുകൾ മാറിയിരുന്നത്. പൊലീസ് അറിയിച്ചതിനെത്തുടർന്ന് ആദായനികുതി വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദണ്ഡപാണിയുടെ പക്കൽ അസാധുനോട്ടുകളുള്ള വിവരം ഇയാളുടെ സഹോദരനാണ് പൊലീസിനെ അറിയിക്കുന്നത്.