''ആയുധപരിശീലനം മതത്തിനും വിശ്വാസത്തിനും പശുക്കള്‍ക്കും ലൌ ജിഹാദിനും വേണ്ടി''- തുറന്നുസമ്മതിച്ച് ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍
''പെഹലുഖാനെ കൊന്നിട്ടില്ല, തല്ല് കിട്ടിയപ്പോള്‍ അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു''
"ഞാന്‍ ബജ്‍രംഗദളില്‍ ചേര്‍ന്നത് എന്‍റെ രാജ്യത്തെയും മതത്തെയും സേവിക്കാനാണ്''
''ഞാന്‍ ബജ്‍രംഗദളില്‍ ചേര്‍ന്നത് എന്‍റെ വിശ്വാസത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ്''
ഫസ്റ്റ്പോസ്റ്റ് തയ്യാറാക്കിയ ഹിന്ദുത്വത്തിന്‍റെ ഹൃദയഭൂമിയിലൂടെ ഒരു യാത്ര എന്ന വീഡിയോ ആരംഭിക്കുന്നത് രണ്ട് ബജ്‍രംഗദള്‍ പ്രവര്‍ത്തകരുടെ ഈ അനുഭവ മൊഴിയിലൂടെയാണ്.
തുടര്‍ന്ന് രാജസ്ഥാനിലെ ഹനുമാന്‍ഗറില്‍ ബജ്‍രംഗദള്‍ ട്രെയിനിംഗ് ക്യാമ്പിന്‍റെ ചില ചിത്രങ്ങളും ഫസ്റ്റ്പോസ്റ്റ് വീഡിയോയിലൂടെ പങ്കുവെക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അത്തരം ക്യാമ്പുകളില്‍ അംഗങ്ങളായുണ്ട്. പലരും സ്കൂള്‍ വിദ്യാര്‍ത്ഥികളോ കൌമാരക്കാരോ ആണെന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഹിന്ദുസംസ്കാരത്തിന് എതിരെയുള്ള എന്തുതരം ആക്രമണത്തെയും ചെറുത്തുതോല്‍പ്പിക്കാനുള്ള പരിശീലനമാണ് ഇത്തരം ക്യാമ്പുകളിലൂടെ നല്‍കുന്നത്.
''മതത്തെയും വിശ്വാസത്തെയും സംരക്ഷിക്കാനുള്ളതാണ് വിഎച്ച്പി. പശു കടത്തുകാരെയും ലൌ ജിഹാദിനെയും പ്രതിരോധിക്കുക എന്നതും വിഎച്ച്പിയുടെ ധര്‍മ്മമാണ്. ഞങ്ങളുടെ ലക്ഷ്യം തന്നെ ഹിന്ദു മൂല്യങ്ങളെ കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുക എന്നുള്ളതാണ്.
2017 ഏപ്രില്‍ ഒന്നിനാണ് പശുസംരക്ഷകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കാലികര്‍ഷകനായ പഹലു ഖാന്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആയാള്‍ക്ക് പശു കടത്തലുമായി ബന്ധമുണ്ടെന്നതിന് കൃത്യമായ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഇത്തരക്കാര്‍ വളരെ രഹസ്യസ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുക. അയാളെ കുറിച്ച് ഞങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ കൃത്യമായിരുന്നു. അയാള്‍ കുറേക്കാലമായി പശുക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അതിനെതിരെ അയാള്‍ക്കും മകനുമെതിരെ കേസുകള്‍ വരെ നിലനില്‍ക്കുന്നുണ്ട്. പലതവണ അയാളുടെ പ്രവര്‍ത്തിയുടെ പേരില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ അയാളെ വിലക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നുമാത്രമാണ് അന്ന് സംഭവിച്ചത്. പെഹലുഖാനെ കൊല്ലുക എന്നത് ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. അത് സംഭവിച്ചുപോയതാണ്. പക്ഷേ ആളുകള്‍ അതൊരു വലിയ പ്രശ്നമാക്കി മാറ്റി. അല്‍വാര്‍ പ്രദേശത്ത് കശാപ്പുകാര്‍ വളരെ കൂടുതലാണ്. രാജ്യത്തിനും ഗോമാതായ്ക്കും വേണ്ടിയുള്ള ഞങ്ങളുടെ ഇടപെടലുകള്‍ കൊണ്ട് ചിലര്‍ പിന്‍വാങ്ങിത്തുടങ്ങിയിട്ടുണ്ട്.'' - എന്നാണ് ഒരു വിഎച്ച്പി പ്രവര്‍ത്തകന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വീഡിയോയില്‍ വിശദീകരിക്കുന്നത്.
''പെഹലുഖാന്‍ കൊല്ലപ്പെട്ടതല്ല, തല്ല് കിട്ടിയപ്പോള്‍ അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. അത് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. പല സംഭവങ്ങളും ഞങ്ങളോടുള്ള സമൂഹത്തിന്‍റെ ദേഷ്യം വര്‍ധിപ്പിക്കുകയാണ്. പക്ഷേ, ഞങ്ങള്‍ പശുവിനെ സംരക്ഷിക്കു''മെന്ന് പറയുന്നു ഇന്ദ്രജിത് എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍.
''പെണ്‍കുട്ടികള്‍ സ്വയം പ്രതിരോധത്തിന്‍റെ പാഠങ്ങള്‍ പഠിക്കുന്നു. സ്വയം ബോധവതികളാകുന്നു. ലൌ ജിഹാദിനെ പ്രതിരോധിക്കാന്‍ അവര്‍ക്ക് സാധിക്കണം. ലവ് ജിഹാദിന് ഇറങ്ങുന്ന ചെറുപ്പക്കാര്‍ കൃത്യമായ പരിശീലനം ലഭിച്ചവരാണ്. എങ്ങനെ പെണ്‍കുട്ടികളെ ആകര്‍ഷിക്കണം എന്നതിന് അവര്‍ക്ക് രാജ്യമെങ്ങും ട്രെയിനിംഗ് ക്യാമ്പുകള്‍ നടക്കുന്നുണ്ട്. അവരുടെ മനസ്സ് അതിന് അനുയോജ്യമായി രീതിയിലേക്ക് പരിശീലിക്കപ്പെടും അത്തരം ക്യാമ്പുകള്‍ കഴിയുമ്പോഴേക്കും.. അതിനവര്‍ക്ക് കാശും ലഭിക്കുന്നുണ്ട്'' എന്ന് കൂട്ടി ചേര്‍ക്കുന്നുണ്ട് ആദ്യം സംസാരിച്ച ആശിഷ് എന്ന വിഎച്ച്പി പ്രവര്‍ത്തകന്‍. ബിജെപി അധികാരത്തിലെത്തിയത് തങ്ങളുടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും ആശിഷ് തുറന്നുസമ്മതിക്കുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വിഎച്ച്പി, ബജ്രംഗദള്‍ അടക്കമുള്ള ഹിന്ദുത്വഗ്രൂപ്പുകള്‍ തോക്കുകളും വാളുകളും ഉപയോഗിച്ചുള്ള ആയുധ പരിശീലനത്തിന് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫസ്റ്റ്പോസ്റ്റ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അസാദ് അഷ്റഫ് എന്ന താന്‍ ജീവനില്‍ കൊതിയുള്ളതുകൊണ്ട് അനുപം കുമാര്‍ എന്ന കള്ളപ്പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കാനായി പോയതെന്നും ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ടറുടെ കുറിപ്പിലുണ്ട്.