പുരുഷന്‍മാര്‍ക്ക് 3 മാസത്തെ പ്രസവാനുബന്ധ അവധി നല്‍കി മുംബൈ കമ്പനി
കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെയില്‍സ് ഫോഴ്‌സ് പുരുഷന്‍മാര്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്
പുരുഷന്മാര്‍ക്കും പ്രസവാനുബന്ധ അവധി അനുവദിച്ച് പുതുമാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഒരു മുംബൈ കമ്പനി. മുബൈയിലെ വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്‌സ് ആണ് പുരുഷന്‍മാര്‍ക്കും പ്രസവാനനുബന്ധ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുമാസം ശമ്പളത്തോടെയുള്ള അവധിയാണ് നല്‍കുക. കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെയില്‍സ് ഫോഴ്‌സ് പുരുഷന്‍മാര്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്. വിദേശത്ത് പല കമ്പനികളും നേരത്തേതന്നെ പുരുഷന്‍മാര്‍ക്ക് പ്രസവാനുബന്ധ അവധി നല്‍കാറുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇത്രയും ദിവസത്തെ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
പുരുഷന്മാര്‍ക്കുള്ള പ്രസവാനുബന്ധ അവധി ഈയിടെ മൈക്രോസോഫ്റ്റ് ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു. വര്‍ഷാദ്യം കമ്മിന്‍സ് ഇന്ത്യയും ഇതേ രീതിയില്‍ പ്രസവാനുബന്ധ അവധി ഒരു മാസത്തോളമായി വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് പല കമ്പനികളും ഈ രീതി പിന്തുടരുന്നുണ്ട്.
”ജീവനക്കാരുടെ സന്തോഷം ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അച്ഛനാകുക എന്നത് തന്നെ വലിയ കാര്യമാണ്. ശമ്പളം നല്‍കിക്കൊണ്ട് പുരുഷന്മാര്‍ക്കും പ്രസവാനുബന്ധ അവധി നല്‍കുന്നത് നല്ല തീരുമാനമാണെന്ന് സെയില്‍സ് ഫോഴ്‌സ് എപ്ലോയീ സക്‌സസ് (ഇന്ത്യ) ഡയറക്ടര്‍ ജ്ഞാനേഷ് കുമാര്‍ പറഞ്ഞു. സെയില്‍സ് ഫോഴ്‌സിന് ലോകത്താകെ 25,000 ജീവനക്കാരുണ്ട്. ഇന്ത്യയില്‍ മുംബൈ കൂടാതെ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ഈ എന്‍ജിനീയറിങ് കമ്പനിക്ക് ശാഖകളുണ്ട്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോടു കൂടി ആറ് മാസത്തെ അവധി അനുവദിച്ചത് ഈയിടെയാണ്.