ഉത്തര്‍പ്രദേശില്‍ 1.55 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകന് ലഭിച്ചത് ഒരു രൂപ ഇളവ്
ആറ് വര്‍ഷം മുമ്പാണ് ചിഡ്ഡി എന്ന കര്‍ഷകന്‍ 1.55 ലക്ഷം രൂപ വായ്പയെടുത്തത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ എഴുതി തള്ളില്‍ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയെങ്കിലും തനിക്ക് ഇളവ് ലഭിക്കേണ്ടതാണെന്ന്
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച വായ്പാ ഇളവില്‍ 1.55 ലക്ഷം രൂപയുടെ വായ്പയെടുത്ത കര്‍ഷകന് ലഭിച്ചത് ഒരു രൂപ ഇളവ്. മധുരയിലെ കര്‍ഷകനാണ് ഒരു രൂപ ഇളവ് ലഭിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ആറ് വര്‍ഷം മുമ്പാണ് ചിഡ്ഡി എന്ന കര്‍ഷകന്‍ 1.55 ലക്ഷം രൂപ വായ്പയെടുത്തത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ എഴുതി തള്ളില്‍ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയെങ്കിലും തനിക്ക് ഇളവ് ലഭിക്കേണ്ടതാണെന്ന് ഇയാള്‍ പറയുന്നു. സാങ്കേതിക പിഴവാണ് ഇത്തരമൊരു തെറ്റിന് കാരണമായതെന്നാണ് ഔദ്യോഗിക അവകാശവാദം.
എന്നാല്‍ ചുരുങ്ങിയ രൂപയുടെ ഇളവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച മറ്റേനകം കര്‍ഷകരുണ്ട്. മധുരയിലെ തന്നെ ശംഭുനാഥിന് ലഭിച്ചത് 12 രൂപ ഇളവാണ്. 2016ല്‍ 28,812 രൂപ വായ്പടെയുത്ത ഇയാള്‍ കാളയെ വിറ്റ് 28,800 രൂപ തിരിച്ചടച്ചിരുന്നു. ഷാജഹാന്‍പൂര്‍ ജില്ലയിലെ രാം പ്രസാദ് എന്ന കര്‍ഷകന് ലഭിച്ചത് 1.50 രൂപയുടെ കിഴിവാണ്. സാങ്കേതിക തകരാറുകള്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗതെത്തിയിട്ടുണ്ട്. വായ്പ ഇളവ് ഒരു തമാശയായി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് സമാജ്‍വാദി പാര്‍ട്ടി ആരോപിച്ചു.