അര മണിക്കൂര്‍ പുലിയുമായി ജീവന്‍മരണ പോരാട്ടം; ഒടുവില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് അമ്മ

Update: 2018-05-24 16:07 GMT
Editor : Jaisy
അര മണിക്കൂര്‍ പുലിയുമായി ജീവന്‍മരണ പോരാട്ടം; ഒടുവില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് അമ്മ
Advertising

മോറേന ജില്ലയിലെ ഭായ്സായി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്

മാതൃസ്നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല, അതിന് മുന്നില്‍ പുലിയായാലും പാമ്പായാലും തോറ്റുപോകുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മധ്യപ്രദേശുകാരിയായ ഒരമ്മ. പുലി പിടിച്ചുകൊണ്ടുപോയ തന്റെ കുഞ്ഞിനെ അര മണിക്കൂര്‍ ആ വന്യമൃഗവുമായി പോരാടി കുഞ്ഞിനെ രക്ഷിച്ചിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരിയായ ആശ.

മോറേന ജില്ലയിലെ ഭായ്സായി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആശയും രണ്ട് വയസുകാരിയായ മകളും ഗ്രാമത്തില്‍ തന്നെയുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് പുലിയുടെ ആക്രമണത്തിനിരയായത്. വനമധ്യത്തിലൂടെയാണ് റോഡ് . ഒരു കൃഷി സ്ഥലത്തിന് സമീപമെത്തിയപ്പോള്‍ കുഞ്ഞിനെ പുലി പിടിച്ചുകൊണ്ടു ഓടി. കുഞ്ഞിന്റെ കയ്യില്‍ പിടി കിട്ടിയ ആശയും പുലിക്കൊപ്പം ഓടുകയും ചെയ്തു. അതിനിടയില്‍ പുലിയുടെ കഴുത്തില്‍ പിടികൂടിയ ആശ മൃഗവുമായി മല്‍പ്പിടുത്തത്തിലേര്‍പ്പെടുകയും ചെയ്തു. അര മണിക്കൂര്‍ നീണ്ട നിന്ന പോരാട്ടത്തിനിടയില്‍ സമീപത്തെ വയലില്‍ ജോലി ചെയ്തിരുന്ന കര്‍ഷകര്‍ ഇത് കാണുകയും പുലിയെ ഓടിച്ചുവിടുകയുമായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴുത്തിനും തോളിനും ആഴത്തില്‍ മുറിവേറ്റ ആശയെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തുകയും പിന്നീട് മൊറേനയിലുള്ള ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പുലിയെ പിടികൂടാന്‍ ഓപ്പറേഷന്‍ ആരംഭിച്ചതായി ലോക്കല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ അന്‍സാരി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News