ഗോഡ്സെയെ പ്രകീര്‍ത്തിച്ച് നാടകം: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പരാതി നല്‍കി
മഹാത്മജിയെ ഇന്ത്യാ വിഭജനത്തിന്‍റെ കാരണക്കാരനായി ചിത്രീകരിക്കുന്ന, ഗോഡ്സെയെ ന്യായീകരിക്കുന്ന നാടകത്തിന്‍റെ അവതരണത്തിന് എങ്ങനെയാണ് അനുമതി നല്‍കാന്‍ കഴിയുക എന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം.
നാഥുറാം ഗോഡ്സെയെ മഹത്വവല്‍ക്കരിച്ചുകൊണ്ടുള്ള നാടകം ക്യാമ്പസ്സില്‍ അവതരിപ്പിക്കുന്നതിനെതിരെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പരാതി നല്‍കി. ക്യാമ്പസ്സിലെ സാംസ്കാരികോത്സവത്തിന്‍റെ ഭാഗമായാണ് ഗോഡ്സെയെ പ്രകീര്‍ത്തിച്ച് നാടകം അവതരിപ്പിക്കുന്നത്. മഹാത്മജിയെ ഇന്ത്യാ വിഭജനത്തിന്‍റെ കാരണക്കാരനായി ചിത്രീകരിക്കുന്ന, ഗോഡ്സെയെ ന്യായീകരിക്കുന്ന നാടകത്തിന്‍റെ അവതരണത്തിന് എങ്ങനെയാണ് അനുമതി നല്‍കാന്‍ കഴിയുക എന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം.
'ഞാന്‍ നാഥുറാം ഗോഡ്സെ സംസാരിക്കുന്നു' എന്ന മറാത്തി കൃതിയെ ആധാരമാക്കിയാണ് നാടകം. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നാടകാവതരണം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇത്തരമൊരു നാടകം അവതരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഭീകരവാദിയായ ഗോഡ്സെയെ ന്യായീകരിക്കുന്നത് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും അഭിമാനത്തിനും എതിരാണ്. ഗാന്ധിയെ കൊന്നതിന് തൂക്കിലേറ്റപ്പെട്ട ഗോഡ്സെയെ പ്രകീര്‍ത്തിക്കുന്നത് രാജ്യദ്രോഹമാണ്. ആര്, എന്തിന് ഇത്തരമൊരു നാടകാവതരണത്തിന് അനുമതി നല്‍കിയെന്ന് അന്വേഷിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
നാടകത്തെ സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതോടെയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ തങ്ങള്‍ ആ വീഡിയോ കണ്ടിട്ടില്ലെന്നും അന്വേഷിച്ച് തുടര്‍ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.