കാണാതെ പോയ കുതിര തിരിച്ചു വന്നു, പക്ഷേ അവള്‍ മാത്രം വന്നില്ല
വളര്‍ത്തു മൃഗങ്ങളില്‍ ഏതെങ്കിലും ഒന്നിനെ കാണാതായാല്‍ കാട്ടില്‍ ഒറ്റക്ക് പോയി അതിനെ അന്വേഷിച്ച് തിരികെ കൊണ്ടുവരുമായിരുന്നു ആ എട്ടു വയസുകാരി പെണ്‍കുട്ടി
കത്തുവ ജില്ലയിലെ രസാനയിലെ ആട്ടിടയ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടിയായിരുന്നു ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. വികസനവും പരിഷ്കാരവും അധികമൊന്നും എത്തി നോക്കാത്ത ഗ്രാമം. അതുകൊണ്ട് തന്നെ അവള്‍ക്കും അക്ഷരങ്ങളുടെ ലോകം അന്യമായിരുന്നു. ആടുകളും കുതിരകളും നിറഞ്ഞ ഫാം ഹൌസായിരുന്നു അവളുടെ ലോകം. കാട്ടിലേക്ക് മേയാന്‍ വിടുന്ന അവയെ എണ്ണം തെറ്റാതെ കൂട്ടിലെത്തിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു.
വളര്‍ത്തു മൃഗങ്ങളില്‍ ഏതെങ്കിലും ഒന്നിനെ കാണാതായാല്‍ കാട്ടില്‍ ഒറ്റക്ക് പോയി അതിനെ അന്വേഷിച്ച് തിരികെ കൊണ്ടുവരുമായിരുന്നു ആ എട്ടു വയസുകാരി പെണ്‍കുട്ടി. പിന്നെ അവളെന്തിന് കാടിനെ പേടിക്കണം, പക്ഷേ വന്യതയുടെ മറവില്‍ ഒളിഞ്ഞിരുന്ന നാട്ടിലെ കാട്ടാളന്‍മാരെ അവള്‍ കണ്ടില്ല. എല്ലാ ദിവസവും വൈകിട്ട് മൃഗങ്ങളെ എണ്ണിത്തിട്ടപ്പെടുത്തി കൂട്ടില്‍ കയറ്റിയിരുന്നത് ആസിഫയായിരുന്നു. ഞാനവളെ സ്കൂളില്‍ അയച്ചിരുന്നില്ല, പക്ഷേ അവള്‍ തെറ്റ് കൂടാതെ അവള്‍ എണ്ണാന്‍ പഠിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഒരു ദേശീയ മാധ്യമത്തിന് ഫോണില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജനുവരി 10നായിരുന്നു ആ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുതിരയെയും കൊണ്ട് കാട്ടിലേക്ക് പോയ പെണ്‍കുട്ടി തിരിച്ചു വന്നില്ല. ഒരു ദിവസം കഴിഞ്ഞപ്പോള്‍ കാണാതായ കുതിര തിരികെ വീട്ടിലെത്തിയെങ്കിലും പെണ്‍കുട്ടി മാത്രം എത്തിയില്ല. ഒരാഴ്ചക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍ നിന്നും അധികം ദൂരമല്ലാത്ത സ്ഥലത്ത് വച്ച് ക്രൂരമായ കൊലപ്പെടുത്തിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ശിരസ് കല്ല് കൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.
അവള്‍ ഒരു നാണക്കാരിയായിരുന്നു. പക്ഷേ ധൈര്യമുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍, കാടിന്റെ ഇരുട്ടിനെ അവള്‍ക്ക് ഭയമുണ്ടായിരുന്നില്ല. കുറച്ചേ അവള്‍ സംസാരിച്ചിരുന്നുള്ളൂ, രക്ഷപ്പെട്ടിരുന്നെങ്കില്‍ അവിടെ നടന്നത് എന്താണെന്ന് ഞങ്ങളോട് അവള്‍ പറയുമായിരുന്നു.. കുട്ടിയുടെ മുത്തച്ഛന്‍ പറയുന്നു.
ബ്രാഹ്‌മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോവലും ബലാത്സംഗം ചെയ്യലും. കൂട്ടിന് പ്രായപൂര്‍ത്തിയാവാത്ത തന്റെ മരുമകനേയും മകനേയും സാഞ്ജിറാം കൂടെ കൂട്ടി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തതും സാഞ്ജിറാമിന്റെ മരുമകനെയായിരുന്നു.