വ്യാജ വാര്‍ത്ത ചമച്ച് റാണ അയൂബിന് നേരെ സംഘടിത വിദ്വേഷ പ്രചരണം

Update: 2018-05-25 09:00 GMT
Editor : Subin
വ്യാജ വാര്‍ത്ത ചമച്ച് റാണ അയൂബിന് നേരെ സംഘടിത വിദ്വേഷ പ്രചരണം
Advertising

റിപ്പബ്ലിക് ടിവിയുടെ പാരഡി പേജിലാണ് റാണ അയൂബിന്റേതെന്ന വ്യാജേന ഈ സന്ദേശം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് പല ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു. 

ബാല പീഡകരെ അനുകൂലിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തക റാണ അയൂബിന് നേരെ സോഷ്യല്‍മീഡിയയില്‍ സംഘടിത ആക്രമണം. റിപ്പബ്ലിക് ടിവിയുടെ പാരഡി പേജിലാണ് റാണ അയൂബിന്റേതെന്ന വ്യാജേന ഈ സന്ദേശം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് പല ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു.

'ബാല പീഡകരും മനുഷ്യരാണ്. അവര്‍ക്കെന്താ മനുഷ്യാവകാശമില്ലേ? മുസ്ലീങ്ങളെ തൂക്കിക്കൊല്ലാന്‍ വേണ്ടിയാണ് ഈ ഹിന്ദുത്വ സര്‍ക്കാര്‍ ബാല പീഡകര്‍ക്ക് വധ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ല' എന്ന സന്ദേശമാണ് റാണ അയൂബിന്റേതെന്ന പേരില്‍ റിപ്പബ്ലിക് ടിവിയുടെ പാരഡി പേജില്‍ പ്രത്യക്ഷപ്പെട്ടത്.

ആയിരങ്ങളാണ് ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തത്. വിവിധ സോഷ്യല്‍മീഡിയ സൈറ്റുകളിലും വൈകാതെ ഇതേ സന്ദേശം പ്രത്യക്ഷപ്പെട്ടു. ഫേസ്ബുക്കിലെ യോഗി ആദിത്യനാഥ് കി സേന എന്ന പേജില്‍ മാത്രം ഇത് 12500ലേറെ തവണയാണ് ഈ സന്ദേശം ഷെയര്‍ ചെയ്യപ്പെട്ടത്. 4.25 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള പേജാണ് യോഗി ആദിത്യനാഥ് കി സേന.

സംഭവം വിവാദമായതോടെ റാണ അയൂബിന്റേതെന്ന പേരില്‍ വ്യാജ പ്രചരണം നടത്തിയ റിപ്പബ്ലിക് ടിവിയുടെ പാരഡി പേജ് ട്വീറ്റും അക്കൗണ്ടും തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇതിനൊപ്പം മറ്റു പല വിദ്വേഷ സന്ദേശങ്ങളും റാണ അയൂബിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദിവസങ്ങളായി തനിക്കെതിരെ നടക്കുന്ന സംഘടിത വ്യാജ പ്രചരണങ്ങള്‍ക്കെതിരെ റാണ അയൂബ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഒറ്റനോട്ടത്തില്‍ റിപ്പബ്ലിക് ടിവിയുടെ ഔദ്യോഗിക പ്രൊഫൈല്‍ എന്ന് തോന്നിപ്പിക്കുന്ന അക്കൗണ്ടാണ് പാരഡി പേജിനുമുള്ളത്. നേരത്തെയും റിപ്പബ്ലിക് ടിവിയുടെ പാരഡി പേജിലെ വ്യാജ വാര്‍ത്തകള്‍ വലിയ തോതില്‍ പ്രചരിച്ചിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News