സാക്കിര്‍ നായികിനെതിരെ എഫ് ഐ ആര്‍
വിദ്വേഷവും ശത്രുതയും വളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് എഫ്ഐആര്‍
സാക്കിര്‍ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. സമൂഹത്തില്‍ വിദ്വേഷവും ശത്രുതയും പരത്തിയെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് യു.എ.പി.എ 10,13,18 വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുള്ളത്. സാക്കിര്‍ നായിക്കിന്റെ പത്തോളം സ്ഥാപനങ്ങളില്‍ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സാക്കിര്‍ നായിക്കിനെതിരായ എഫ്.ഐ.ആര്‍ ദേശീയ അന്വേഷണ ഏജന്‍സി ഫയല്‍ ചെയ്തത്. സമൂഹത്തില്‍ വിദ്വേഷവും ശത്രുതയും പരത്തുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തി, വിവിധ മതങ്ങളെ അവഹേളിക്കുന്ന രൂപത്തില്‍ പരസ്യപ്രസ്താവനകള്‍ നടത്തി തുടങ്ങിയ കുറ്റങ്ങള്‍ എഫ്.ഐ.ആറിലുണ്ട്. യു.എ.പി.എയിലെ 10,13,18 വകുപ്പുകള്‍ക്കു പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാക്കിര്‍ നായ്ക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍ ആസ്ഥാനത്തും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഓഫീസുകളിലും അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തി. ചോദ്യം ചെയ്യുന്നതിനായി സാക്കിര്‍ നായിക്കിനെ അന്വേഷണ ഏജന്‍സി വിളിച്ചു വരുത്തും