ബാലപീഡകര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സിന് കേന്ദ്രത്തിന്റെ അംഗീകാരം

Update: 2018-05-26 20:56 GMT
Editor : Subin
ബാലപീഡകര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സിന് കേന്ദ്രത്തിന്റെ അംഗീകാരം
Advertising

കത്‌വ ബലാത്സംഗക്കൊലയും ഉന്നാവോ കേസും ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ 2012ലെ പോക്‌സോ നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭയോഗത്തിലാണ് തീരുമാനം. മുഖം രക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.

12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് നേരത്തെ ജീവപര്യന്തം തടവായിരുന്നു പരമാവധി ശിക്ഷ. ഇത് വധശിക്ഷയാക്കും. കുറഞ്ഞ ശിക്ഷയായ 7 വര്‍ഷം തടവ് 20 വര്‍ഷമാക്കി ഉയര്‍ത്തി.

പന്ത്രണ്ടിനും പതിനാറിനും ഇടക്ക് പ്രായമുള്ള കുട്ടികള്‍ക്ക് എതിരായ ലൈംഗിക ആക്രമണങ്ങളില്‍ നേരത്തെ ജീവപര്യന്തം തടവായിരുന്നു പരമാവധി ശിക്ഷ. ഇത് ജീവിതാവസാനം വരെയാക്കി. ഇതിലും കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവാക്കി.

രണ്ട് മാസത്തിനകം അന്വേഷണവും, ഫാസ്റ്റ് ട്രാക്ക് കോടതികള്‍ വഴി 2 മാസത്തിനകം വിചാരണയും പൂര്‍ത്തിയാക്കണം. 6 മാസത്തിനകം അപ്പീല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള വ്യവസ്ഥയും റദ്ദാക്കി. പെണ്‍കുട്ടികള്‍ക്ക് എതിരെ രാജ്യത്ത് വര്‍ധിച്ച് വരുന്ന ആക്രമണങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് സിപിഎം ആരോപിച്ചു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കും. വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് എതിരെ അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News