ഒരു നാട് മുഴുവന്‍ നന്ദിപറയുന്നു ഈ മോട്ടോര്‍ബൈക്ക് ആംബുലന്‍സിനോട്
ഇതിനകം 300 ഓളം ജീവന്‍ രക്ഷിക്കാന്‍ ഈ ആംബുലന്‍സിലൂടെ സാധിച്ചിട്ടുണ്ട്.
എട്ടുമാസം ഗര്‍ഭിണിയായിരുന്ന സുക്‍മിക്ക് പെട്ടെന്നാണ് വെള്ളംപോക്ക് തുടങ്ങിയത്. ഛത്തീസ്ഘട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ ഒങ്കണര്‍പാലിന്റെ കാട്ടുവഴികള്‍ക്ക് ഒരു ആംബുലന്‍സിന് കടന്നു പോകാന്‍ മാത്രം വിസ്താരമുണ്ടായിരുന്നില്ല. കൂടാതെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയും. മൈലുകള്‍ക്കപ്പുറത്തുള്ള ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിച്ചതുകൊണ്ടാണ് സുക്‍മിയെയും അവളുടെ വയറ്റിലുള്ള പെണ്‍കുഞ്ഞിനെയും രക്ഷിക്കാനായതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതെ, ഒരു നാടിന്റെയാകെ ആശ്വാസമായി മാറുകയാണിപ്പോള്‍ ഇവിടുത്തെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ്.
സുക്‍മിയെപ്പോലെ 200 ഓളം ഗര്‍ഭിണികള്‍ക്ക് ഇതിനകം ഈ മോട്ടോര്‍ സൈക്കിള്‍ ആംബുലന്‍സ് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കി ജീവിതം തിരിച്ചുനല്‍കിയിട്ടുണ്ട്. പ്രദേശത്തെ ജനനസമയത്തുള്ള മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതില്‍ കുറച്ചൊന്നുമല്ല മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സിന്റെ സേവനം സഹായകമാകുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്രദേശങ്ങളിലെ ആളുകളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചിരുന്ന ഒന്നാണ് മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ്. ഇന്ത്യയിലും ആദ്യമായി ഇതിന്റെ സേവനം ലഭ്യമായിരിക്കുകയാണ്. ഛത്തീസ്ഘട്ടിലാണ് ഗര്‍ഭിണികളായ സ്ത്രീകള്‍ കൃത്യമായ വൈദ്യ സഹായം ലഭ്യമാകാന്‍ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് തയാറായിരിക്കുന്നത്.
2015 ല്‍ യുണിസെഫ് ആവിഷ്ക്കരിച്ച പ്രൊജക്ടില്‍ അജയ് താക്കൂര്‍ എന്ന ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് പാര്‍ട്ട്ണര്‍ ആകുകയായിരുന്നു. ബൈക്കിനോടൊപ്പം പിടിപ്പിച്ചിരിക്കുന്ന സൈഡ് കാരിയോജിലാണ് രോഗിയെ കൊണ്ടുപോകുന്നത്. ആദ്യത്തേതില്‍ നിന്ന് കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിലുള്ള മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്. 1.7 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില. കൂടുതല്‍ സേവനത്തിനായി ഇത്തരത്തിലുള്ള പത്തെണ്ണം വാങ്ങാനാനുള്ള തയ്യാറെടുപ്പിലാണ് അജയ് താക്കൂര്‍.
ഇതിനകം 300 ഓളം ജീവന്‍ രക്ഷിക്കാന്‍ ഈ ആംബുലന്‍സിലൂടെ സാധിച്ചിട്ടുണ്ട്. അതില്‍ 80% ഗര്‍ഭിണികളായിരുന്നു. ഗര്‍ഭിണികള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അജയ് താക്കൂര്‍ പറയുന്നു.
ഉള്‍പ്രദേശത്തുള്ളവരെ ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിക്കാന്‍ കഴിയുന്നുണ്ട് ഈ ആംബുലന്‍സിലൂടെ. ഈ പ്രദേശത്തുള്ളവര്‍ക്ക് ഇപ്പോള്‍ അത്യാവശ്യം ഫസ്റ്റ് എയ്ഡുകളും അറിയാം.
നിലവില്‍ 108 ആംബുലന്‍സുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഗ്രാമത്തിന്റെ ഉള്‍വഴിയിലേക്ക് ഇവയ്ക്കെത്തിപ്പെടാന്‍ സാധിക്കാറില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഇവയ്ക്ക് വന്‍ പ്രാധാന്യമാണുള്ളത്.