എല്‍.ഐ.സി അറുപതാം വര്‍ഷത്തില്‍
രാജ്യത്ത് ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികള്‍ നിരവധിയുണ്ടെങ്കിലും 73 ശതമാനം മാര്‍ക്കറ്റും എല്‍ഐസിക്കാണ്
ഇന്ത്യയിലെ ഏറ്റവും മികച്ച പൊതു മേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ എല്‍.ഐ.സി അറുപതാം വര്‍ഷത്തില്‍. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള പരിഷ്ക്കരണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടിയിലാണ് എല്‍.ഐ.സി സ്വാശ്രയത്വത്തിന്‍റെ അറുപതാം വര്‍ഷത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികള്‍ നിരവധിയുണ്ടെങ്കിലും 73 ശതമാനം മാര്‍ക്കറ്റും എല്‍ഐസിക്കാണ്. വിശ്വാസത്തിന്റെ അറുപതു വര്‍ഷം അങ്ങനെയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തങ്ങളുടെ ഇതുവരയുള്ള പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കുന്നത്.
രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയിലെ നാഴികക്കല്ലായിരുന്നു 1956 ലെ ദേശസാല്‍ക്കരണം. വിദേശ കമ്പനികളുള്‍പ്പെടെ മുന്നൂറോളം സ്ഥാപനങ്ങള്‍ ഇന്‍ഷുറന്‍സ് രംഗത്ത് സജീവമായ കാലത്തായിരുന്നു വിപ്ലവകരമായ തീരുമാനം. 1956 സെപ്റ്റംബര്‍ ഒന്നിന് കേന്ദ്രസര്‍ക്കാറിന്‍റ അഞ്ചു കോടി മൂലധനത്തോടെ എല്‍.ഐ.സി പ്രവര്‍ത്തനം തുടങ്ങി. അറുപതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 22 ലക്ഷം കോടി രൂപയാണ് എല്‍.ഐ.സി യുടെ ആസ്തി.
ക്ലെയിമുകള്‍ കൃത്യസമയത്ത് നല്‍കുന്നതില്‍ എല്‍.ഐ.സി മികവു കാട്ടുന്നു എന്ന് അധികൃതര്‍ പറയുന്നു. കൂടുതല്‍ സാമൂഹ്യ ക്ഷേമ പദ്ധതികളും രാജ്യത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ കൂടുതല്‍ നിക്ഷേപവും ഈ വര്‍ഷം നടപ്പിലാക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. ഇന്ത്യയിലെ തന്നെ ഏററവും വലിയ ഡിവിഷനുകളിലൊന്നാണ് കോഴിക്കോട് മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്നത്. മാനാഞ്ചിറക്കു സമീപമുള്ള പഴയ കളക്ടറേറ്റ് ബില്‍ഡിംഗില്‍ 1973 ലാണ് ഡിവിഷന്‍ ആരംഭിച്ചത്. അതുവരെക്കും മലബാര്‍ മേഖല കോയമ്പത്തൂര്‍, ഉഡുപ്പി ഡിവിഷനുകള്‍ക്ക് കീഴിലായിരുന്നു. ഡയമണ്ട് ജൂബിലിയുടെ ഭാഗമായി എല്‍.ഐ.സിയുടെ ചരിത്രവും നിലവിലെ പദ്ധതികളും വിവരിക്കുന്ന ചിത്രപ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.