വന്യജീവിസങ്കേതത്തില്‍ കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചിരുന്ന പെണ്‍കുട്ടിയെ രക്ഷിച്ചു
കാടിന് സമീപത്തെ ഗ്രാമവാസികളാണ് പെണ്‍കുട്ടിയെ കുരങ്ങുകള്‍ക്കൊപ്പം ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു...
ഉത്തര്‍പ്രദേശിലെ കടര്‍നിയാഘട്ട് വന്യജീവിസങ്കേതത്തില്‍ കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചിരുന്ന പെണ്‍കുട്ടിയെ രക്ഷിച്ചു. കുരങ്ങുകളെ പോലെ പെരുമാറുന്ന പെണ്‍കുട്ടിയെ മനുഷ്യരുടെ രീതികള്‍ പഠിപ്പിക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍. പെണ്‍ മൌഗ്ലി എന്നാണ് ഇവളെ ഇപ്പോള്‍ വിളിക്കുന്നത്.
എട്ട് വയസ് പ്രായം തോന്നിക്കുന്ന ഈ പെണ്‍കുട്ടി ഉത്തര്‍ പ്രദേശിലെ ബഹ്‌റൈച്ച് ജില്ലാ ആശുപത്രിയില്‍ രണ്ട് മാസമായി ചികിത്സയില്‍ കഴിയുകയാണ്. കുട്ടിയെ മനുഷ്യരെ പോലെ പെരുമാറാന്‍ പരിശീലിപ്പിക്കുകയാണ് ആശുപത്രി അധികൃതര്‍. കാടിന് സമീപത്തെ ഗ്രാമവാസികളാണ് പെണ്‍കുട്ടിയെ കുരങ്ങുകള്‍ക്കൊപ്പം ആദ്യം കണ്ടത്. ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയെ കൊണ്ടുപോകാനെത്തിയ പൊലീസിന് കുരങ്ങ് സംഘത്തിന്റെ ആക്രമണവും നേരിടേണ്ടി വന്നു. മനുഷ്യരെ കണ്ട് പേടിച്ചരണ്ട പെണ്‍കുട്ടിക്ക് വാനരസംഘത്തെ പിരിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പെണ്‍ മൗഗ്ലി കാര്യങ്ങളൊക്കെ പെട്ടെന്ന് പഠിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ട് കാലില്‍ നടക്കാനുള്ള പരിശീലനമാണ് ആദ്യം നല്‍കിയത്. ഭാഷ പഠിച്ചെടുക്കാന്‍ ഇവള്‍ക്ക് ഒരുപാട് സമയം വേണ്ടിവരുമെന്നും ഇവര്‍ വിലയിരുത്തുന്നു. ഇവളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.