മലേഗാവ് സ്‌ഫോടനം: യുവാക്കളെ കുറ്റവിമുക്തരാക്കിയതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

Update: 2018-05-27 04:04 GMT
Editor : admin
മലേഗാവ് സ്‌ഫോടനം: യുവാക്കളെ കുറ്റവിമുക്തരാക്കിയതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
Advertising

പ്രതികളാണെന്ന് മറ്റ് അന്വേഷണസംഘങ്ങളുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ എന്‍ഐഎയുടെ അന്വേഷണം മാത്രം മുന്‍നിര്‍ത്തി ഇവരെ വെറുതെ വിടാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വാദം.

2006 ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ 8 യുവാക്കളെ കുറ്റവിമുക്തരാക്കിയ എന്‍ഐഎ കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. 6 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളാണെന്ന് ആരോപിക്കപ്പെട്ട മുസ്ലിം യുവാക്കള്‍ കുറ്റവാളികളല്ല എന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് തീവ്രഹൈന്ദവ സംഘടനകള്‍ക്ക് പങ്കുള്ളതായും എന്‍ഐഎ കണ്ടെത്തിയിരുന്നു.

വിചാരണ തടവുകാരായി അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് എന്‍ഐഎ കോടതി എട്ട് മുസ്ലിം യുവാക്കളെയും കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്. എന്‍.ഐ.എയുടെ തുടരന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും എ.ടി.എസും സിബിഐയും നേരത്തെ കണ്ടെത്തിയ തെളിവുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.

എന്നാല്‍ എന്‍ഐഎ കോടതിയുടെ വിധിക്കെതിരായി ഹൈക്കോടതിയെ സമീപിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. പ്രതികളാണെന്ന് മറ്റ് അന്വേഷണസംഘങ്ങളുടെ റിപ്പോര്‍ട്ട് നിലനില്‍ക്കെ എന്‍ഐഎയുടെ അന്വേഷണം മാത്രം മുന്‍നിര്‍ത്തി ഇവരെ വെറുതെ വിടാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വാദം. സ്‌ഫോടനത്തിന് പിന്നില്‍ അഭിനവ് ഭാരത് എന്ന തീവ്ര ഹിന്ദുത്വ സംഘടനക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

2008ലെ സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് നേതാവുമായ സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലോടെയാണ് മലേഗാവ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. എന്നാല്‍ എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 2006 സെപ്തംബര്‍ എട്ടിന് നടന്ന സ്‌ഫോടന പരമ്പരയില്‍ 35പേര്‍ മരിക്കുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News