കശ്മീര്‍ പ്രശ്നം: ലോകസഭയിലെ ചര്‍ച്ചക്ക് ആഭ്യന്തരമന്ത്രി മറുപടി പറയും

Update: 2018-05-28 23:05 GMT
Editor : Sithara
കശ്മീര്‍ പ്രശ്നം: ലോകസഭയിലെ ചര്‍ച്ചക്ക് ആഭ്യന്തരമന്ത്രി മറുപടി പറയും
Advertising

ഗുജറാത്തടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും.

ഗുജറാത്തടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. കശ്മീര്‍ പ്രശ്നത്തില്‍ ലോകസഭയില്‍ നടന്ന ചര്‍ച്ചക്ക് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മറുപടി പറയും. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ബിജെപി - പിഡിപി സര്‍ക്കാര്‍ ജനങ്ങളെ കൊല്ലുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ചര്‍ച്ചയില്‍ ആരോപിച്ചു. ജമ്മു കശ്മീരിലെ പ്രശ്നം സ്വാതന്ത്ര്യ ലബ്ധി മുതല്‍ ആരംഭിച്ചതാണെന്നും ഉത്തരവാദി കോണ്‍ഗ്രസാണെന്നും ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെയും ജമ്മുകശ്മീരിലെ ബിജെപി- പിഡിപി സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഭൂരിഭാഗവും കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സംയമനം പാലിച്ചില്ലെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പെല്ലറ്റ് ഗണ്ണുകള്‍ മാരകായുധങ്ങളല്ലെന്ന് പറയാനാവുമോയെന്നും ചോദിച്ചു. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും താഴ്വരയിലേയ്ക്ക് പോകാത്തതിനെക്കുറിച്ച് രാജ്യത്തോട് വിശദീകരിക്കണമെന്നും ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.

മുലായം സിങ്ങ് യാദവ്, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, മുഹമ്മദ് സലിം, അസാസുദ്ധീന്‍ ഒവൈസി തുടങ്ങി നിരവധിയാളുകള്‍ കശ്മീര്‍ ജനതയുമായി ചര്‍ച്ച നടത്തേണ്ടതിന്റെയും പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണേണ്ടതിന്റെയും ആവശ്യകത എടുത്തു പറഞ്ഞു. 2010ല്‍ മൂന്ന് തവണ താഴ്വരയില്‍ പെല്ലറ്റ് ആക്രമണം നടന്നിട്ടുണ്ടെന്നും ഉത്തരവാദി ആരായിരുന്നുവെന്നും ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ ചോദിച്ചു. കശ്മീര്‍ പ്രശ്നത്തിന് ഉത്തരവാദികളായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് മാത്രമാണെന്നും അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു.

കശ്മീരില്‍ സംഭവിച്ച വീഴ്ചകള്‍ പലതും സമ്മതിച്ചു കൊണ്ടായിരുന്നു ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് രാജ്യസഭയില്‍ മറുപടി നല്‍കിയത്. സമാനമായ മറുപടി തന്നെ ലോക്സഭയിലും രാജ്നാഥ് സിങ്ങ് നല്‍കിയേക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News