മുന്‍ ബിജെപി മന്ത്രിക്ക് പശു രക്ഷകരുടെ വധഭീഷണി
കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രിയും പ്രമുഖ എഴുത്തുകാരിയുമായ ബിടി ലളിത നായിക്കിന് പശു സംരക്ഷകരുടെ വധഭീഷണി.
കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രിയും പ്രമുഖ എഴുത്തുകാരിയുമായ ബിടി ലളിത നായിക്കിന് പശു സംരക്ഷകരുടെ വധഭീഷണി. മാംസ വ്യാപാരം സംബന്ധിച്ച ലളിതയുടെ നിലപാടുകളാണ് പശു രക്ഷകരെ പ്രകോപിപ്പിച്ചത്. ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ദലിതുകള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ അടുത്തിടെ ചിക്കമംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ ലളിത രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലളിതക്ക് വധഭീഷണി കത്ത് ലഭിച്ചത്. ലളിതയെ ഹിന്ദു വിരുദ്ധയെന്ന് ചിത്രീകരിക്കുന്ന കത്ത് സുനില്‍ ശര്‍മയെന്നയാളുടെ പേരിലാണ് മുന്‍മന്ത്രിക്ക് ലഭിച്ചത്. നിങ്ങളെ പോലെയുള്ള ആളുകളുടെ മരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സുനില്‍ കത്തില്‍ പറയുന്നതായി ലളിത പറഞ്ഞു. ധര്‍വാഡില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സംഭവത്തില്‍ ലളിത പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങി താന്‍ തന്റെ നിലപാടുകള്‍ അടക്കിവെക്കില്ലെന്ന് ലളിത വ്യക്തമാക്കി. ബംഗളൂരുവില്‍ തിരിച്ചെത്തിക്കഴിഞ്ഞാലുടന്‍ തനിക്ക് ലഭിച്ച ഭീഷണി കത്ത് പൊലീസിന് കൈമാറുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.