കന്നുകാലി കശാപ്പ് നിയന്ത്രണത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ
മനുഷ്യന്റെ ഭക്ഷണ അവകാശത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് എന്തധികാരമെന്നും കോടതി ചോദിച്ചു.
കശാപ്പിനുള്ള കന്നുകാലി വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. അഭിഭാഷകയും ആക്റ്റിവിസ്റ്റുമായ ശെല്‍വ ഗോമതി നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ മധുര ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്.
നാലാഴ്ചത്തേയ്ക്കാണ് സ്‌റ്റേ അനുവദിച്ചിട്ടുള്ളത്. ഈ സമയത്തിനകം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ സര്‍ക്കാറിനും തമിഴ്‌നാട് സര്‍ക്കാറിനും കോടതി നോട്ടിസയച്ചു. മനുഷ്യന്റെ പ്രാഥമിക അവകാശമാണ് ഭക്ഷണം. ഇതില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാറിന് എന്ത് അവകാശമെന്നും കോടതി ചോദിച്ചു. 1960ലെ മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിനുള്ള നിയമം മുന്‍നിര്‍ത്തിയാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. എന്നാല്‍, കേന്ദ്രവിജ്ഞാപനത്തില്‍ ഈ നിയമവുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ വൈരുധ്യങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
മതപരമായ ആവശ്യങ്ങള്‍ക്കുള്ള കശാപ്പിനും കാലിച്ചന്തകള്‍ വഴി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍, മതപരമായ ആവശ്യത്തിനായി കന്നുകാലികളെ കൊല്ലുന്നതിനെ ഒരുതരത്തിലും എതിര്‍ക്കുന്നില്ലെന്ന് 1960 ലെ നിയമം ഉറപ്പു നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടി.