ജോസഫ് വിജയ് മോദിക്കെതിരെ വിദ്വേഷ കാമ്പെയിന്‍ നടത്തുന്നു; വര്‍ഗീയ പരാമര്‍ശവുമായി ബിജെപി

Update: 2018-05-28 23:47 GMT
Editor : Sithara
ജോസഫ് വിജയ് മോദിക്കെതിരെ വിദ്വേഷ കാമ്പെയിന്‍ നടത്തുന്നു; വര്‍ഗീയ പരാമര്‍ശവുമായി ബിജെപി
Advertising

വിജയ്‍യെ ജോസഫ് വിജയ് എന്ന് അഭിസംബോധന ചെയ്താണ് ബിജെപി നേതാവ് രാജ വര്‍ഗീയ പരാമര്‍ശം നടത്തിയത്. ജോസഫ് വിജയ് പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ കാമ്പെയിന്‍ നടത്തുകയാണെന്നും രാജ ആരോപിച്ചു.

നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി. വിജയ്‍യുടെ മതം ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് എച്ച് രാജ മെര്‍സലെന്ന സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്.

വിജയ്‍യെ ജോസഫ് വിജയ് എന്ന് അഭിസംബോധന ചെയ്താണ് രാജ വര്‍ഗീയ പരാമര്‍ശം നടത്തിയത്. ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മിക്കണമെന്ന ഡയലോഗില്‍ ക്ഷേത്രത്തിന്‍റെ സ്ഥാനത്ത് പള്ളി എന്ന് പറയുമോ എന്നാണ് രാജയുടെ ചോദ്യം. ഇത്തരം ഡയലോഗുകള്‍ക്ക് വിജയ്‍യുടെ മതവിശ്വാസവുമായി ബന്ധമുണ്ട്. ജോസഫ് വിജയ് പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ കാമ്പെയിന്‍ നടത്തുകയാണെന്നും രാജ ആരോപിച്ചു.

സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും രാജ മതപരമായ പരാമര്‍ശം നടത്തി. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നുമാണ് രാജ് പറ‍ഞ്ഞത്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും പക്ഷേ അത് വസ്തുതാപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കത്തിൽ വിദേശത്ത് വെച്ച് വിജയും വടിവേലുവും ചെയ്ത കഥാപാത്രങ്ങളെ പോക്കറ്റടിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോൾ വടിവേലു തന്റെ കാലിയായ പേഴ്സ് തുറന്നു കാട്ടി ഡിജിറ്റൽ ഇന്ത്യയ്ക്ക് നന്ദി പറയുന്നു. ഈ രംഗത്തിന് തിയേറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്. രണ്ടാമത്തേത് വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതാണ്. സിംഗപ്പൂരിൽ ഏഴ് ശതമാനം മാത്രമാണ് ജിഎസ്ടി. എന്നിട്ടും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭിക്കുന്നു. എന്നാൽ 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഇന്ത്യയിൽ ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും വിജയ് പറയുന്നു.

കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളെ കളിയാക്കുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കംചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇവ നീക്കാമെന്ന് നിര്‍മാതാക്കള്‍ ഉറപ്പുകൊടുത്തെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിജയ് ഇതുവരെ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News