ആര്‍എസ്എസിന് സൈന്യത്തെ ഉണ്ടാക്കാന്‍ വെറും മൂന്നുദിവസം മതി: മോഹന്‍ ഭാഗവത്
രാജ്യത്ത് യുദ്ധസമാനമായ ഒരു അന്തരീക്ഷം ഉണ്ടാവുകയാണെങ്കില്‍, ഭരണഘടന അതിന് അനുവദിക്കുന്നുവെങ്കില്‍ ആര്‍എസ്എസ് അതിന് തയ്യാറാണെന്നും....
രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഒരു സൈന്യത്തെ ഉണ്ടാക്കിയെടുക്കാന്‍ ആര്‍എസ്എസിന് വെറും മൂന്നുദിവസം മതിയെന്ന അവകാശവാദവുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ബീഹാറിലെ മുസഫര്‍പൂരിലെ സില സ്കൂളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുദിവസത്തെ സന്ദര്‍ശനത്തിനായാണ് ഭാഗവത് ബീഹാറില്‍ എത്തിയത്.
ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറാകണമെങ്കില്‍ ആറേഴ് മാസം വേണ്ടി വരും, എന്നാല്‍ തന്റെ സംഘടനയ്ക്ക് അതിന് മൂന്നുദിവസംമതി. അതാണ് തങ്ങളുടെ സംഘടനയുടെ കാര്യപ്രാപ്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് യുദ്ധസമാനമായ ഒരു അന്തരീക്ഷം ഉണ്ടാവുകയാണെങ്കില്‍, ഭരണഘടന അതിന് അനുവദിക്കുന്നുവെങ്കില്‍ ആര്‍എസ്എസ് അതിന് തയ്യാറാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ആര്‍എസ്എസ് ഒരു സൈനികമോ അര്‍ധ സൈനികമോ ആയ സംഘടനയല്ല. അത് ഒരു കുടുംബസംഘടനയാണ്. എന്നാല്‍ സൈനികര്‍ക്ക് സമാനമായ അച്ചടക്കം കാത്തുസൂക്ഷിക്കുന്നവരാണ് തങ്ങളുടെ പ്രവര്‍ത്തകര്‍. തങ്ങളുടെ രാജ്യത്തിന് വേണ്ടി എന്തും ബലിയര്‍പ്പിക്കാന്‍ തയ്യാറായവരുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെന്നും ഭാഗവത് പറയുന്നു.