ആർഎസ്എസിനെതിരായ പ്രക്ഷോഭങ്ങളും കർഷകപ്രക്ഷോഭങ്ങളും ഒരുമിച്ചു പോകണമെന്ന് സീതാറാം യെച്ചൂരി
കൂടുതൽ കർഷക പ്രതിഷേധങ്ങൾ രാജ്യത്ത് പടരുമെന്ന സൂചന നല്‍കി ഭൂമി അധികാർ ആന്ദോളനിന്റെ ദേശീയ കൺവെൻഷൻ സമാപിച്ചു
കാർഷിക മേഖലയിലെ പ്രതിസന്ധിക്കും പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾക്കും എതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ. ഭൂമി അധികാർ ആന്ദോളൻ സംഘടിപ്പിച്ച കൂട്ടായ്മയിലേക്ക് കോൺഗ്രസിനെ ക്ഷണിച്ചിരുന്നില്ല. കൃഷിഭൂമി സർക്കാർ പദ്ധതികൾക്ക് വേണ്ടി പിടിച്ചെടുക്കുന്നതിനെതിരെ എല്ലാ പാർട്ടികളും പ്രതിഷേധം ഉയർത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കർ പറഞ്ഞു. പരിപാടിയില്‍ സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും വേദി പങ്കിട്ടു.
മഹാരാഷ്ട്രയിലെ ലോങ്ങ് മാർച്ചിന് പിന്നാലെ കൂടുതൽ കർഷക പ്രതിഷേധങ്ങൾ രാജ്യത്ത് പടരുമെന്ന സൂചന നല്‍കിയാണ് ഭൂമി അധികാർ ആന്ദോളനിന്റെ ദേശീയ കൺവെൻഷൻ സമാപിച്ചത്. കാർഷിക പ്രതിസന്ധി, പശുവിന്റെ പേരിലുള്ള ആക്രമണം, ദളിത് ന്യൂനപക്ഷ വിഭാഗക്കാർക്കെതിരായ ആൾക്കൂട്ട കൊലപാതകങ്ങൾ എന്നിവ ചെറുക്കാനുള്ള സമര പരിപാടികളെപ്പറ്റിയായിരുന്നു പ്രധാന ചർച്ച.
സിപിഎമ്മും തൃണമൂൽ കോൺഗ്രസും വേദി പങ്കിട്ട കൺവെൻഷനിൽ ആർ.ജെഡി, എൻസിപി, ഡിഎംകെ, എഎപി, ജെഡിയു ശരദ് യാദവ് വിഭാഗം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുത്തു. മൃദു ഹിന്ദുത്വം പുലര്‍ത്തുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ആർ എസ്.എസിനെതിരായ പ്രക്ഷോഭങ്ങളും കർഷക പ്രക്ഷോഭങ്ങളും ഒരുമിച്ചു പോകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മാന്യമായ താങ്ങുവില അവകാശമാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കൃഷി ഭൂമി സർക്കാർ പദ്ധതികൾക്ക് വേണ്ടി പിടിച്ചെടുക്കുന്നതിനെതിരെ എല്ലാ പാർട്ടികളും പ്രതിഷേധം ഉയർത്തണമെന്നു മേധാ പട്കർ പറഞ്ഞു. കാർഷിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന തലങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ കൺവെൻഷനിൽ പങ്കെടുത്ത പാർട്ടികൾ ഒരുമിച്ച് അണിനിരക്കും.