മിന്നലാക്രമണം: പാക് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത തെറ്റെന്ന് ഇന്ത്യന്‍ സൈന്യം
ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ല, പാക് സൈന്യം പിടികൂടിയ സൈനികന്‍ മിന്നലാക്രമണത്തിന്റെ ഭാഗമായല്ല അതിര്‍ത്തി ലംഘിച്ചത്
മിന്നലാക്രമണവുമായി ബന്ധപ്പെട്ട് പാക് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. നിയന്ത്രണരേഖ ലംഘിച്ചതിനെ തുടര്‍ന്ന് പാക് സൈന്യം പിടികൂടിയ സൈനികന്‍ മിന്നലാക്രമണത്തിന്റെ ഭാഗമായല്ല അതിര്‍ത്തി ലംഘിച്ചതെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പാകിസ്താന്‍ തിരിച്ചടിച്ചെന്നും 8 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുമെന്നുമായിരുന്നു പാക് സൈന്യത്തെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പാക് മാധ്യമങ്ങളിലെ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും ഒരു ഇന്ത്യന്‍ സൈനികന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.
മിന്നലാക്രമണത്തില്‍ പങ്കെടുത്ത ഒരു ഇന്ത്യന്‍ സൈനികനെ പിടികൂടിയതായും പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. അശ്രദ്ധമായി നിയന്ത്രണരേഖ ലംഘിച്ച സൈനികനെയാണ് പിടികൂടിയിരിക്കുന്നതെന്നും മിന്നലാക്രമണത്തിന്റെ ഭാഗമായല്ല സൈനികന്‍ നിയന്ത്രണരേഖ ലംഘിച്ചതെന്നും സൈന്യം അറിയിച്ചു.
ഏത് അടിയന്തരസാഹചര്യത്തെയും നേരിടാന്‍ കഴിയും വിധത്തിലുള്ള സജ്ജീകരണങ്ങളാണ് ഇന്ത്യ അതിര്‍ത്തിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ആക്രമണസാധ്യത മുന്‍നിര്‍ത്തി കശ്മീരിന് പുറമേ പഞ്ചാബ്, ഗുജറാത്ത് അതിര്‍ത്തി മേഖലയിലെ ജനങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു.
ഗുജറാത്തില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളെ തിരിച്ചുവിളിപ്പിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാക് സമുദ്രാതിര്‍ത്തിയിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നുഴഞ്ഞ് കയറ്റസാധ്യതയുള്ള മേഖലയിലെല്ലാം സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. പാക് സൈന്യത്തിന്റെ ഓരോ നീക്കത്തെയും ഗൌരവത്തോടെയാണ് ഇന്ത്യന്‍ സേന വീക്ഷിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.