ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി
ഗുജറാത്തിലെ ബോട്ടഡ് ജില്ലയിൽ ശനിയാഴ്ച നടന്ന ബാധ ഒഴിപ്പിക്കലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്
ബാധ ഒഴിപ്പിക്കുന്ന ചടങ്ങില്‍ ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ രണ്ട് മന്ത്രിമാര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബോട്ടഡ് ജില്ലയില്‍ ശനിയാഴ്ച നടന്ന ബാധ ഒഴിപ്പിക്കലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ഗുജറാത്ത് വിദ്യാഭ്യാസ-റവന്യു മന്ത്രി ഭൂപേന്ദ്രസിംഗ് ചുടാസമ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആത്മറാം പാര്‍മര്‍ എന്നിവരാണ് ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും സ്റ്റേജിൽ ഇരുന്ന് ബാധ ഒഴിപ്പിക്കുന്ന ചടങ്ങ് വിശദമായി നിരീക്ഷിക്കുന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. ഗദ്ധാഡ നഗരത്തിലെ ഒരു ക്ഷേത്രത്തിൽ ബിജെപി പ്രാദേശിക യൂണിറ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്ഥലം എംഎല്‍എയും ചടങ്ങിനെത്തിയിരുന്നു.
പരിപാടിക്ക് ശേഷം നൂറോളം മന്ത്രവാദികള്‍ മന്ത്രിമാരെ ഹസ്‌തദാനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. അതേസമയം, ദുര്‍മന്ത്രവാദങ്ങളെ മന്ത്രിമാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദി നേതാവ് ജയന്ത് പാണ്ഡ്യ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇത് വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഇത്തരം ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പാണ്ഡ്യ ആവശ്യപ്പെട്ടു. എന്നാല്‍ ദിവ്യശക്തിയെ ആരാധിക്കുന്നവരുടെ ചടങ്ങിലാണ് താന്‍ പങ്കെടുത്തതെന്നും അവര്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരല്ലെന്നും ഭൂപേന്ദ്ര സിംഗ് പറഞ്ഞു.