ഞാന്‍ ലജ്ജിക്കുന്നു... റിപ്പബ്ളിക് ചാനല്‍ വിട്ട മാധ്യമപ്രവര്‍ത്തക പറയുന്നു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ രക്തംമരവിപ്പിക്കുന്ന കൊലപാതകത്തെ റിപ്പബ്ളിക് ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയെ നിശിതമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ രക്തംമരവിപ്പിക്കുന്ന കൊലപാതകത്തെ റിപ്പബ്ളിക് ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയെ നിശിതമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക. റിപ്പബ്ളിക് ചാനലില്‍ നിന്ന് രാജിവെച്ച സുമന നന്തിയാണ് റിപ്പബ്ളിക് ടിവിയെയും അമരക്കാരനായ അര്‍ണബ് ഗോസ്വാമിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തുവന്നത്. ഗൌരിയുടെ കൊല സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടതാണെന്ന രീതിയിലാണ് കഴിഞ്ഞ ദിവസം റിപ്പബ്ളിക് ടിവി വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്.
റിപ്പബ്ളിക് ടിവിയില്‍ ന്യൂസ് കോഡിനേറ്ററായിരുന്നു സുമന. ചാനലിനെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും വെറുപ്പ് തോന്നുന്നുവെന്നും സുമന പറയുന്നു. 'മാധ്യമപ്രവര്‍ത്തനത്തില്‍ വളരെ കുറച്ച് പരിചയസമ്പത്ത് മാത്രമേ എനിക്കുള്ളു. ഞാന്‍ ഇന്ന് വരെ ജോലി ചെയ്ത എല്ലാ സ്ഥാപനങ്ങളെക്കുറിച്ചും എനിക്ക് നല്ല ഓര്‍മകള്‍ മാത്രമേയുള്ളു. അഭിമാനവുമുണ്ട്. പക്ഷേ ഇന്ന് ഞാന്‍ ലജ്ജിക്കുന്നു. സ്വതന്ത്ര വാര്‍ത്താ സ്ഥാപനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന റിപ്പബ്ളിക് ചാനല്‍ സത്യസന്ധതയില്ലാത്ത ഒരു സര്‍ക്കാരിന് വേണ്ടി കണ്ണുമടച്ച് വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണി നേരിട്ടിരുന്ന ഒരു ധീരയായ മാധ്യമപ്രവര്‍ത്തകയാണ് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടത്. കൊലപാതികകളെ ചോദ്യം ചെയ്യാതെ, സംശയിക്കാതെ... ഇരക്കൊപ്പം നില്‍ക്കുന്നവരെയാണ് നിങ്ങള്‍ പ്രതിക്കൂട്ടിലാക്കുന്നത്. എവിടെയാണ് നിങ്ങളുടെ സമഗ്രത ? ചില മാധ്യമപ്രവര്‍ത്തകര്‍ ഗൌരിയുടെ കൊലപാതകത്തെ ആഘോഷിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണിന് ആത്മാവ് നഷ്ടപ്പെട്ടോയെന്ന് സമൂഹം ചോദിക്കുമെന്നും സുമന പറഞ്ഞു. താനൊരിക്കലും തന്റെ സിവിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ റിപ്പബ്ളിക് ടിവിയുടെ പേരെഴുതില്ലെന്നും സുമന വ്യക്തമാക്കി.