ഡല്‍ഹിയില്‍ ബിജെപിയായിരുന്നു ഭരണത്തിലെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെ ശിവസേന
ഡല്‍ഹിയില്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെ ശിവസേന രംഗത്ത്.
ഡല്‍ഹിയില്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെ ശിവസേന രംഗത്ത്. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലെങ്കില്‍ ഇത്തരമൊരു നീക്കത്തിന് ധൈര്യപ്പെടുമായിരുന്നോ എന്നാണ് ശിവസേനയുടെ ചോദ്യം. വിശദീകരിക്കാന്‍ പോലും സമയം കൊടുക്കാതെ ധൃതി പിടിച്ചാണ് എംഎല്‍എമാരെ അയോഗ്യരാക്കിയതെന്ന് ശിവസേന മുഖപത്രമായ സാമ്ന വിമര്‍ശിച്ചു.
അഴിമതിക്കും അനീതിക്കുമെതിരെ കാമ്പെയിന്‍ നടത്തിയതിനാലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതിസന്ധിയിലായത്. മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസമുള്ള ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അവസരം മുതലെടുത്തു. എഎപിക്ക് പകരം ബിജെപിയായിരുന്നു അവിടെ ഭരണത്തിലെങ്കില്‍ എംഎല്‍എമാരെ ഇത്ര ധൃതി പിടിച്ച് അയോഗ്യരാക്കുമായിരുന്നോ? ബിജെപി ഏജന്‍റായാണ് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.
2015ല്‍ പാര്‍ലമെന്‍ററി സെക്രട്ടറിമാരായി നിയമിതരായ എംഎല്‍എമാര്‍ ഇരട്ടപ്പദവി വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കണമെന്ന് ശിപാര്‍ശ ചെയ്തത്. ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതോടെ 20 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകും.