ജീവനോടെ തൊലിയുരിക്കും; ജനങ്ങളെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി ഐപിഎസ് ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്തു

Update: 2018-05-29 11:23 GMT
Editor : Sithara
ജീവനോടെ തൊലിയുരിക്കും; ജനങ്ങളെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി ഐപിഎസ് ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്തു
Advertising

രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായ പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഭീഷണി.

ജീവനോടെ തൊലി ഉരിച്ചുകളയുമെന്ന് തനിക്കെതിരെ പ്രതിഷേധിച്ചവരോട് കേന്ദ്ര സഹമന്ത്രി. ഘനവ്യവസായ സഹമന്ത്രി ബാബുല്‍ സുപ്രിയോ ആണ് തനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ ഭീഷണിപ്പെടുത്തിയത്. രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായ പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഭീഷണി. ഐപിഎസ് ഉദ്യോഗസ്ഥനെ മന്ത്രി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.

വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കല്യാണ്‍പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ പൊലീസിന്‍റെ വിലക്ക് ലംഘിച്ചാണ് മന്ത്രിയെത്തിയത്. അവിടെ തനിക്കെതിരെ പ്രതിഷേധിച്ചവരെയാണ് ജീവനോടെ തൊലി ഉരിച്ചുകളയുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയത്. മന്ത്രിയെ തടയാന്‍ ശ്രമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ രൂപേഷ് കുമാറിനെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. അതിക്രമിച്ച് കടന്നതിനും ഐപിഎസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനും മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

എന്നാല്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി. അവരോട് അപ്പോഴത്തെ ദേഷ്യത്തില്‍ തൊലിയുരിക്കുമെന്ന് പറഞ്ഞുപോയതാണ്. ജനപ്രതിനിധി എന്ന നിലയില്‍ സംഘര്‍ഷത്തിന് ഇരകളായവരെ ആശ്വസിപ്പിക്കാനാണ് താനെത്തിയത്. എന്നാല്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം തന്നെ തടയാനാണ് പൊലീസ് ശ്രമിച്ചതെന്നും മന്ത്രി സ്വയം ന്യായീകരിച്ചു.

രാമനവമി ആഘോഷത്തിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് അസന്‍സോളിലെ റാണിഗഞ്ചില്‍ സംഘര്‍ഷം തുടങ്ങിയത്. നാല് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News