ഡിവൈഎസ്‍പിയുടെ ആത്മഹത്യ; കര്‍ണാടക മന്ത്രി രാജിവെച്ചു
ഡിവൈഎസ്‍പി എംകെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജോര്‍ജിനും മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജി പ്രഖ്യാപനം.
കര്‍ണാടക മന്ത്രിയും മലയാളിയുമായ കെജെ ജോര്‍ജ് രാജിവെച്ചു. ഡിവൈഎസ്‍പി എംകെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജോര്‍ജിനും മറ്റു രണ്ട് പൊലീസ് ഓഫീസര്‍മാര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജി പ്രഖ്യാപനം. കെജെ ജോര്‍ജ്, എഡിജിപി എഎം പ്രസാദ്, ഐജി പ്രണബ് മൊഹന്തി എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്.
മംഗളൂരുവില്‍ ഡിവൈഎസ്‍പി ആയിരുന്ന എംകെ ഗണപതിയെ ജുലൈ ഏഴിനാണ് മടിക്കേരിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മേലുദ്യോഗസ്ഥര്‍ തന്നെ നിരന്തരം അപമാനിക്കുകയും, സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയാണെന്ന് ഗണപതി വെളിപ്പെടുത്തിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മന്ത്രി കെജെ ജോര്‍ജ്, എഡിജിപി എഎം പ്രസാദ്, ലോകായുക്ത ഐജിയായ പ്രണബ് മൊഹന്തി എന്നിവര്‍ക്കായിരിക്കുമെന്നും ഗണപതി അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഗണപതിയുടെ കുടുംബം ജോര്‍ജിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗണപതിയുടെ ഭാര്യ ആരോപണങ്ങള്‍ ശരിവെക്കുമ്പോഴും സഹോദരന്‍ എംകെ തിമ്മയ്യ, ഗണപതി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ നേരിടേണ്ടിവരുന്ന സമ്മര്‍ദം താങ്ങാന്‍ ഗണപതിക്കാവില്ലെന്നും തിമ്മയ്യ പറഞ്ഞിരുന്നു.