അമ്മ സ്കൂട്ടര്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് എഴുപത് ലക്ഷം മരത്തൈകള്‍ നടുന്ന പദ്ധതിയുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എഴുപതാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള അമ്മ സ്കൂട്ടര്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എഴുപത് ലക്ഷം മരത്തൈകള്‍ നടുന്ന പദ്ധതിയുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. സ്ത്രീ ശാക്തീകരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ എപ്പോഴും മുന്‍തൂക്കം നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജയലളിതയ്ക്കും തമിഴ്നാടിനും പ്രണാമം അര്‍പ്പിച്ച്, തമിഴിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. സ്ത്രീ ശാക്തീകരണത്തിനായി ആരംഭിച്ച സബ്സിഡി നിരക്കില്‍ സ്കൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതിയും സംസ്ഥാനത്ത് എഴുപത് ലക്ഷം മരങ്ങള്‍ നടുന്ന പദ്ധതിയും പ്രശംസനീയമാണെന്ന് മോദി പറഞ്ഞു. സ്ത്രീ ശാക്തീകരണമുണ്ടായാല്‍ ഓരോ കുടുംബവും പുരോഗമിയ്ക്കുമെന്ന്, ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ജോലിയെടുക്കുന്ന വനിതകള്‍ക്ക് അന്‍പത് ശതമാനം സബ്സിഡി നിരക്കില്‍ സ്കൂട്ടര്‍ നല്‍കുന്നതാണ് പദ്ധതി. പ്രതിവര്‍ഷം ഒരുലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുക. ജയലളിത മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചതായിരുന്നു പദ്ധതി. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.