ബിഹാറിലെ വര്‍ഗീയ സംഘര്‍ഷം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

Update: 2018-05-31 17:58 GMT
Editor : Sithara
ബിഹാറിലെ വര്‍ഗീയ സംഘര്‍ഷം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍
Advertising

കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകന്‍ അരിജിത് ശാശ്വതിനെയാണ് അറസ്റ്റ് ചെയ്തത്

ബിഹാറിലെ ഭഗല്‍പൂരിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിജെപി നേതാവ് അരിജിത് ശാശ്വതിനെ അറസ്റ്റ് ചെയ്തു. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകനാണ് അരിജിത്. ഇന്നലെ അര്‍ധരാത്രിയോടെ ബിഹാര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തു വെച്ചാണ് അറസ്റ്റുണ്ടായത്.

മാര്‍ച്ച് 17ന് ഭഗല്‍പൂരില്‍ അനുമതിയില്ലാതെ രാമനവമി ആഘോഷത്തിന് നേതൃത്വം നല്‍കിയത് അരിജിത് ശാശ്വതായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ റാലിയിലുണ്ടായി. അരിജിത് സംഘര്‍ഷത്തിന് വഴിവെക്കുന്ന വിധത്തില്‍ പ്രസംഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഭഗല്‍പൂരിലും സമീപ പ്രദേശങ്ങളിലും വര്‍ഗീയ കലാപമുണ്ടായത്. പൊലീസ് അരിജിതിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് അറസ്റ്റുണ്ടായത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്ത ഒരു കഷ്ണം കടലാസ് മാത്രമാണ് മകനെതിരായ എഫ്ഐആര്‍ എന്നാണ് നേരത്തെ മന്ത്രി അശ്വിനി ചൌബെ പ്രതികരിച്ചത്. താനെന്തിന് പൊലീസില്‍ കീഴടങ്ങണം എന്നായിരുന്നു അരിജിതിന്‍റെ ചോദ്യം. അരിജിതിനെ അറസ്റ്റ് ചെയ്യാന്‍ നിതീഷ് സര്‍ക്കാരിന് ധൈര്യമില്ലെന്ന വിമര്‍ശവുമായി ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News