കര്‍ണാടകയിലും 'ഗോമാതാവി'ന്‍റെ തണലില്‍ ബിജെപി പ്രകടന പത്രിക; വാഗ്ദാനങ്ങള്‍ ഇങ്ങനെ...
ബംഗളൂരുവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദ്യൂരപ്പയാണ് പത്രിക പുറത്തുവിട്ടത്.
കര്‍ണാടകയില്‍ ഗോവധ നിരോധം വാഗ്ദാനം ചെയ്ത് ബിജെപി പ്രകടന പത്രിക. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും, ദാരിദ്ര്യ രേഖക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് സൌജന്യ സ്മാര്‍ട് ഫോണും, സാനിറ്ററി നാപ്കിനും നല്‍കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ബംഗളൂരുവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ് യെദ്യൂരപ്പയാണ് പത്രിക പുറത്തുവിട്ടത്.
കര്‍ണാടകയില്‍ ഗോവധം കുറ്റകരമാക്കുന്ന നിയമം സിദ്ധാരാമയ്യ സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഈ നിയമം തിരികെ കൊണ്ടുവരുമെന്നാണ് ബിജെപി പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനം. ഇതുപ്രകാരം സംസ്ഥാനത്ത് ഗോക്കളെ വധിക്കുന്നതും, ഗോ മാംസം സൂക്ഷിക്കുന്നതും കുറ്റകരമാകും. ഗോ സംരക്ഷണത്തിന് ഗോ സേവ ആയോഗ് പുനരുജ്ജീവിപ്പിക്കുമെന്നും പത്രികയില്‍ പറയുന്നു. കാര്‍ഷിക മേഖലയെ ലക്ഷ്യം വെച്ചുള്ള നിരവധി പ്രഖ്യാപനങ്ങള്‍ പത്രികയില്‍ ഉണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. ജലസേചനത്തിനായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും. ഈ രണ്ട് കാര്യങ്ങള്‍ക്കുമായി ഒന്നര ലക്ഷം കോടി രൂപ മാറ്റിവെക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള താങ്ങുവില ഒന്നര മടങ്ങായി വര്‍ധിപ്പിക്കുമെന്നും പത്രിക പറയുന്നു.
ദാരിദ്ര്യ രേഖക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി സ്മാര്‍ട്ട്ഫോണ്‍ യോജനയുടെ കീഴില്‍ സൌജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കും. സ്ത്രീകള്‍ക്ക് സൌജന്യ നാപ്കിന്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ലാപ്ടോപ്പ് എന്നിവ നല്‍കുമെന്നും പത്രികയിലുണ്ട്. ബിജെപിയുടെ പ്രകടന പത്രിക കര്‍ണാടകയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് ചേര്‍ന്നുള്ളതാണെന്നും കര്‍ഷകരുടെയും സ്ത്രീകളുടെയും ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്ന പത്രിക, എത്ര തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് കൃത്യമായി പറയുന്നില്ല.