ഡല്‍ഹിയിലെ 21 ആംആദ്മി എംഎല്‍എമാര്‍ അയോഗ്യരായേക്കും
21 എം എല്‍ എമാര്‍ മന്ത്രിമാരുടെ സെക്രട്ടറി പദവി കൂടി വഹിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ പരാതി നല്‍കിയിരുന്നു
ആം ആദ്മി പാര്‍ട്ടിയുടെ 21 ഡല്‍ഹി എംഎല്‍എമാര്‍ അയോഗ്യത ഭീഷണിയില്‍. ഇരട്ട പദവി വഹിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചതോടെയാണ് എംഎല്‍എമാരുടെ അയോഗ്യത ഉറപ്പായിരിക്കുന്നത്. എംഎല്‍എമാരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായിക്കൂടി നിയമിച്ചതിനെതിരെ നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു
പ്രതിഫലം ലഭിക്കുന്ന സര്‍ക്കാര്‍ പദവി അധികമായി വഹിക്കുന്ന നിയമസഭാ അംഗങ്ങളെ അയോഗ്യരാക്കണമെന്ന് 1991ലെ എന്‍സിടി ഓഫ് ഡല്‍ഹി ആക്ടില്‍ വ്യവസ്ഥയുണ്ട്. ഇതിന് വിരുദ്ധമായാണ് 2015 ല്‍ 21 എംഎല്‍എമാര്‍ക്ക് മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ നല്‍കിയത്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ് കമ്മീഷന് പരാതിയ നല്‍കിയിരുന്നു. എന്നാല്‍ അയോഗ്യത മറികടക്കാന്‍ 2015ല്‍ ഓഫീസ് ഓഫ് പ്രോഫിറ്റ് ബില്‍ പാസാക്കി. മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം ഇരട്ട പദവിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് ബില്‍. എന്നാല്‍ ബില്‍ ഭരണ ഘടനാ വിരുദ്ധമാണെന്നറിയിച്ച് അനുമതി നല്‍കാതെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിരിച്ചയച്ചു. ഇതോടെയാണ് എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന് ഉറപ്പായത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആശയവിനിമയം നടത്തിയി ശേഷമാണ് ബില്‍ രാഷ്ട്രപതി തിരിച്ചയച്ചത് എന്നാണ് വിവരം. എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളും സൂചിപ്പിച്ചു. അതേസമയം രാഷ്ട്രപതിയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി.