ജനക്കൂട്ട ആക്രമങ്ങള്‍ക്കെതിരെ യുവ നേതാക്കള്‍

Update: 2018-06-01 16:06 GMT
ജനക്കൂട്ട ആക്രമങ്ങള്‍ക്കെതിരെ യുവ നേതാക്കള്‍
Advertising

തെഹ്സീന്‍ പൂനാവാല, ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഷെഹ്ല റാഷിദ്, കനയ്യ കുമാര്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വര്‍ധിച്ചുവരുന്ന ജനക്കൂട്ട ആക്രമങ്ങള്‍ക്കെതിരെ യുവ നേതാക്കള്‍ രംഗത്ത്. സംരഭകനും സാമ്യൂഹ്യ പ്രവര്‍ത്തകനുമായ തെഹ്സീന്‍ പൂനാവാല, ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഷെഹ്ല റാഷിദ്, കനയ്യ കുമാര്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം. ജനക്കൂട്ട ആക്രമണ കൊലപാതകങ്ങള്‍ തടയാന്‍ പുതിയ നിയമം വേണമെന്നതാണ് ആവശ്യം.

ജാതി, മതം, തൊഴില്‍, സംസ്കാരം, രാഷ്ട്രീയ - സാമുദായിക വ്യത്യാസങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ജനക്കൂട്ടത്തിന്റെ അക്രമണങ്ങളാലുള്ള കൊലപാതകം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നാണ് കൂട്ടായ്മയുടെ വിലയിരുത്തല്‍. എത്രയും പെട്ടെന്ന് പ്രത്യേകം നിയമം കൊണ്ട് വന്ന് ആക്രമണങ്ങള്‍ തടയണമെന്നാണ് ആവശ്യം.

നിയമത്തിന്റെ മാതൃക എത്രയും പെട്ടെന്ന് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും ഉന ദളിത് ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ തുടര്‍ നടപടികളുണ്ടായില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഒരു ലക്ഷത്തോളം കര്‍ഷകരുടെ പങ്കാളിത്വത്തില്‍ സമരം നടത്താനും കാലികളെ അഴിച്ചുവിടാനുമാണ് തീരുമാനമെന്നും സാമൂഹ്യ പ്രവര്‍ത്തകനായ തെഹ്സീന്‍ പൂനാവാല പറയുന്നു.

Full View

വേഗത്തിലുള്ള വിചാരണ, ജീവപര്യന്തം ശിക്ഷ, ജാമ്യമില്ലാ വകുപ്പ്, ജുഡീഷ്യല്‍ അല്ലെങ്കില്‍ മജിസ്ട്രേറ്റ് അന്വേഷണം, സുരക്ഷാ ഉദ്യോസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ എന്നിവ ഉള്‍പെടുത്തിയുള്ളതാകണം പുതിയ നിയമം. നിയമത്തിന്റെ മാതൃകാ നിര്‍മ്മാണത്തിനായി സമിതിയും രൂപീകരിച്ചിട്ടുണ്ട്. നിയമം, മാധ്യമം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.

Tags:    

Similar News