ജഡ്ജി ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ ബിജെപി നേതാവ് ഇടപെട്ടു

Update: 2018-06-01 15:32 GMT
ജഡ്ജി ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ ബിജെപി നേതാവ് ഇടപെട്ടു
Advertising

പുതിയ വെളിപ്പടുത്തലുമായി 'കാരവന്‍'

ജഡ്ജി ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സുധീര്‍ മുഖന്ദിവാര്‍ ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍. മുഖന്ദിവാറിന്‍റെ ബന്ധുവായ ഡോക്ടര്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍‌ണ്ണായക മാറ്റങ്ങള്‍ വരുത്തിയെന്ന വിവരം പുറത്തുവിട്ടത് കാരവന്‍ മാഗസിനാണ്. എന്നാല്‍ ഔദ്യോഗിക രേഖകളിലൊരിടത്തും ഈ ഡോക്ടറുടെ പേരില്ല.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍‌ കേസില്‍, വാദം കേട്ട ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണം പ്രത്യേക സംഘം അന്വേഷിക്കണം എന്ന ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരാണ് കാരവന്‍ മാഗസിനോട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

ഡോ. എന്‍.കെ തുംറാമാണ് ലോയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത് എന്നാണ് ഔദ്യോഗിക രേഖ. എന്നാല്‍, ദേവേന്ദ്ര ഫട്‌നാവിസ് മന്ത്രിസഭയിലെ രണ്ടാമനും ധനകാര്യമന്ത്രിയുമായ സുധീര്‍ മുഗന്ദിവാറിന്റെ സഹോദരീ ഭര്‍ത്താവ് മകരന്ദ് വ്യവഹാരയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ജീവനക്കാര്‍ പറയുന്നു. ലോയയുടെ ശരീരത്തിലെ മുറിവുകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല. തലയ്ക്ക് പിന്നിലുള്ള മുറിവ് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ച ജൂനിയര്‍ ഡോക്ടര്‍മാരോട് ഡോ.മകരന്ദ് കയര്‍ത്തു. ലോയയുടെ മൃതദേഹം കൊണ്ടുവന്ന ദിവസം നേരത്തെ തന്നെ വ്യവഹാരെ പോസ്റ്റുമോര്‍ട്ടം മുറിയില്‍ എത്തിയതിലും, പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കെടുത്ത ആശുപത്രി ജീവനക്കാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

മരണത്തിൽ ലോയയുടെ കുടുംബത്തിനുണ്ടായ സംശയങ്ങൾ ചൂണ്ടിക്കാട്ടി 2017 നവംബറില്‍ കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതോടെയാണ് മരണത്തില്‍ പുനരന്വേഷണമെന്ന ആവശ്യം ശക്തമായത്.

Tags:    

Similar News