തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടി
സര്‍ക്കാര്‍ പ്രത്യേക ഉത്തരവായാണ് ഫാക്ടറി പൂട്ടാനുള്ള നിര്‍ദ്ദേശം നല്‍കിയത്
തമിഴ്നാട്ടിലെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ ശാല അടച്ചുപൂട്ടി. സര്‍ക്കാര്‍ പ്രത്യേക ഉത്തരവായാണ് ഫാക്ടറി പൂട്ടാനുള്ള നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പ്ലാന്റ് സംബന്ധിച്ച കേസ് സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ പുതിയ ഉത്തരവ് സംബന്ധിച്ച ആശങ്കകളും ഉണ്ട്.
ഇന്നു രാവിലെ ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം തൂത്തുക്കുടിയിലെത്തി. പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ, എല്ലാവരെയും നേരില്‍ക്കണ്ട് സംസാരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന്, ചെന്നൈയില്‍ എത്തിയ ശേഷം മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുമായും മന്ത്രിമാരുമാരും കൂടിക്കാഴ്ചയും നടത്തി. ശേഷമാണ് വൈകിട്ടോടെ പ്രത്യേക ഉത്തരവ് ഇറങ്ങിയത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 2013ല്‍ ജനങ്ങള്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്ന്, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഫാക്ടറി പൂട്ടിയിരുന്നു. എന്നാല്‍, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും തുറന്നു.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ കേസ് ഇപ്പോഴും സുപ്രിം കോടതിയില്‍ വിചാരണയിലുണ്ട്. അവിടെ നിന്നും അനുകൂല വിധി സമ്പാദിച്ച് ഫാക്ടറി തുറക്കുമെന്ന നിലപാടിലാണ് മാനേജ്മെന്റ്. ഇക്കാര്യത്തില്‍ നിയമപരമായി ചെയ്യാനുള്ളതെല്ലാം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ സമരക്കാര്‍ വലിയ ആശ്വാസത്തിലാണ്. 13 പേര്‍ ജീവന്‍ നല്‍കി ലഭിച്ചതാണ് ഈ വിജയമെന്നും സുപ്രിം കോടതിയില്‍ നിന്ന് ഫാക്ടറിയ്ക്ക് അനുകൂല നിലപാടുണ്ടായാല്‍ വീണ്ടും പ്രതിഷേധം ആരംഭിയ്ക്കുമെന്നും ജനങ്ങള്‍ പറയുന്നു.