‘എലിഫന്റ്' സ്‌പെല്ലിംഗ് തെറ്റി ഗുജറാത്ത് മന്ത്രി; കുട്ടികളെ പരീക്ഷിച്ചതാണെന്ന് വിശദീകരണം
elephant എന്നതിനുപകരം elephent എന്നാണ് മന്ത്രി ബോര്‍ഡില്‍ എഴുതിയത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ മന്ത്രിക്കെതിരെ ട്രോളുകള്‍ നിറയുകയാണ്.
‘എലിഫന്റ്’ സ്‌പെല്ലിംഗ് തെറ്റിയെഴുതിയ ഗുജറാത്ത് മന്ത്രി ശങ്കര്‍ ചൗധരി വിവാദത്തില്‍. ദീസയിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെയാണ് മന്ത്രിയുടെ അധ്യാപനം. എലിഫന്റ് എന്ന വാക്കാണ് മന്ത്രി തെറ്റിയെഴുതിയത്. elephant എന്നതിനുപകരം elephent എന്നാണ് മന്ത്രി ബോര്‍ഡില്‍ എഴുതിയത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ മന്ത്രിക്കെതിരെ ട്രോളുകള്‍ നിറയുകയാണ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ തെറ്റ് കണ്ടുപിടിക്കുന്നതിന് വേണ്ടി താന്‍ മന:പ്പൂര്‍വ്വമാണ് അക്ഷരത്തെറ്റ് എഴുതിയതെന്ന് മന്ത്രി വിശദീകരിച്ചു. എങ്ങനെയാണ് വ്യത്യസ്ഥമായ രീതിയില്‍ വാക്കുകള്‍ ഉച്ഛരിക്കുകയെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞ് കൊടുക്കാനാണ് മന്ത്രി ഇത് ചെയ്തതെന്ന് ബി.ജെ.പിയും വ്യക്തമാക്കി.
എം.ബി.എ ബിരുദധാരിയായ മന്ത്രി ശങ്കര്‍ ചൗധരി നഗരവികസനം, ഗതാഗതം, ആരോഗ്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ ബിരുദം വ്യാജമാണെന്ന വാദവുമായി ഒരു പൊതുപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. 2012 ല്‍ നിയമസഭയില്‍ ഐപാഡില്‍ അശ്ലീലരംഗങ്ങള്‍ കണ്ടും മന്ത്രി വിവാദത്തിലായിട്ടുണ്ട്.