മോദിയുടെ ചായ കുടിച്ചവരോ ബിരുദത്തിന് ഒപ്പം പഠിച്ചവരോ ഉണ്ടെങ്കില്‍ രണ്ടു ലക്ഷം പ്രതിഫലം: ദിഗ്‌വിജയ് സിങ്
മോദി മുമ്പു പറഞ്ഞതു മെട്രിക്കുലേഷൻ വരെ പഠിച്ചു എന്നാണ് എന്നാല്‍ ഇപ്പോൾ അവകാശപ്പെടുന്നത് ബിരുദധാരിയെന്നാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവിൽപനക്കാരൻ ആയിരുന്ന കാലത്ത് അദ്ദേഹത്തിൽനിന്നു ചായ വാങ്ങിക്കുടിച്ച ആരെങ്കിലും ഉണ്ടെങ്കിൽ രണ്ടു ലക്ഷം രൂപ നൽകാമെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്. മോദിക്കൊപ്പം ബിരുദത്തിന് പഠിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കും രണ്ടു ലക്ഷം രൂപ നൽകും. ചായ് കി ചർച്ച എന്ന പേരിൽ സംഘടിപ്പിച്ച കർഷക റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദി മുമ്പു പറഞ്ഞതു മെട്രിക്കുലേഷൻ വരെ പഠിച്ചു എന്നാണ് എന്നാല്‍ ഇപ്പോൾ അവകാശപ്പെടുന്നത് ബിരുദമാണെന്നാണ്. ഒരാൾക്കു വിദ്യാഭ്യാസം കുറവാണെന്നത് ഒരു കുറവല്ല എന്നാല്‍ കള്ളം പറയരുത്. കുട്ടിക്കാലംമുതൽ കളവു പറയാനാണു മോദിക്ക് ആർ.എസ്.എസ് പരിശീലനം നൽകിയതെന്നു ദിഗ്‌വിജയ് സിങ് പരിഹസിച്ചു.
പഞ്ചാബ് കോണ്‍ഗ്രസ് ഇലക്ഷന്‍ കാമ്പയിന്‍ ചുമതലയില്‍ നിന്ന് രാജിവെച്ച കമല്‍നാഥിനെ ദിഗ്‍വിജയ് സിങ് ന്യായീകരിച്ചു. ഇതുവരെ ആരും ബി.ജെ.പി പോലും 1984ലെ സിഖ് കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്ന് ആരോപിച്ചിട്ടില്ല. എന്നാല്‍ രാജിയിലൂടെ ഇത് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള ബി.ജെ.പിയുടെ പദ്ധതി പരാജയപ്പെടുത്തിയെന്നും സിങ് പറഞ്ഞു.