വിമാനം പറത്തുമ്പോള്‍ പൈലറ്റുമാര്‍ സെല്‍ഫി എടുക്കുന്നത് വിലക്കി
സെല്‍ഫി എടുത്തതായി കണ്ടെത്തിയ ചില പൈലറ്റുമാരെ ഒരാഴ്ച ജോലിയില്‍ നിന്നും വിലക്കുകയും ചിലരെ കര്‍ശന മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയും.....
വിമാനം പറത്തുന്ന സമയത്ത് പൈലറ്റുമാര്‍ സെല്‍ഫി എടുക്കരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. പൈലറ്റിന്‍റെ ഏറെ ശ്രദ്ധ അത്യാവശ്യമായ ഒരു ജോലിയാണെന്നും സെല്‍ഫി എടുക്കല്‍ ഇതിന് വെല്ലുവിളി ഉയര്‍ത്തുന്നതും സുരക്ഷ പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതുമാണെന്ന് ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ഇറങ്ങിയതായും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഡിജിസിഎ അധ്യക്ഷന്‍ ബിഎസ് ഭുള്ളര്‍ അറിയിച്ചു. പൈലറ്റുമാര്‍ സെല്‍ഫിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കാവുന്നതാണ്.
ജോലിയിലിരിക്കെ സെല്‍ഫി എടുത്ത് പല പൈലറ്റുമാരും ഇത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സെല്‍ഫി എടുത്തതായി കണ്ടെത്തിയ ചില പൈലറ്റുമാരെ ഒരാഴ്ച ജോലിയില്‍ നിന്നും വിലക്കുകയും ചിലരെ കര്‍ശന മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു.