യെദ്യൂരപ്പയെ വേദിയില്‍ നിന്ന് ഇറക്കിവിട്ട ശേഷം അഴിമതിയെക്കുറിച്ച് സംസാരിക്കൂ: ബിജെപിയോട് രാഹുല്‍
കര്‍ണാടകയില്‍ അഞ്ചാംഘട്ട പര്യടനത്തിനിടെയായിരുന്നു ബിജെപിക്കെതിരായ രാഹുലിന്‍റെ വിമര്‍ശം
യെദ്യൂരപ്പയെ വേദിയില്‍ നിന്ന് ഇറക്കിവിട്ട ശേഷം വേണം ബിജെപി കര്‍ണാടകത്തില്‍ അഴിമതിയെക്കുറിച്ചു സംസാരിക്കാനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ അഞ്ചാംഘട്ട പര്യടനത്തിനിടെയായിരുന്നു ബിജെപിക്കെതിരായ രാഹുലിന്‍റെ വിമര്‍ശം. രണ്ട് ദിവസത്തെ പ്രചരണത്തിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാനത്തുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍ പ്രചാരണത്തിനിറങ്ങുന്നത്. ഷിമോഗയില്‍ സംസാരിച്ച രാഹുല്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. അഴിമതിക്കേസിൽ ജയിലിൽ പോയ യെദ്യൂരപ്പയോടൊപ്പം വേദി പങ്കിടുകയാണ് നരേന്ദ്ര മോദിയടക്കമുളളവരെന്ന് രാഹുല്‍ ആരോപിച്ചു.
ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ മതപദവി നൽകിയതിലൂടെ പ്രചാരണത്തിൽ മുൻപന്തിയിലെത്തിയിട്ടുണ്ട് കോൺഗ്രസ്. കൂടാതെ കന്നട മക്കൾ വാദവും കോൺഗ്രസ് ഉയർത്തുന്നു. വോട്ടർ പട്ടികയിൽ നിന്ന് 18 ലക്ഷത്തോളം വരുന്ന ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെ ഒഴിവാക്കിയെന്ന് കാണിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
കോൺഗ്രസിനെ പ്രതിരോധിക്കാൻ ബിജെപി അമിത് ഷായെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. രണ്ട് ദിവസം ഷാ കർണാടകയിലുണ്ടാകും. കോൺഗ്രസിന്റെ അഴിമതി ഭരണവും ഹൈന്ദവ വിരുദ്ധതയുമാണ് ബിജെപി പ്രചാരണത്തിൽ ഉടനീളം ഉന്നയിക്കുന്നത്.