സോഫ്റ്റ്‍വെയര്‍ ജോലി ഉപേക്ഷിച്ച് ചായ വില്‍പനക്കിറങ്ങിയ ദമ്പതികള്‍
പൂനെയിലാണ് നിതിനും പൂജയും സോഫ്റ്റ്‍വെയര്‍ എന്‍ജിനിയര്‍മാരായി ജോലി ചെയ്തിരുന്നത്
ബഹുനില കെട്ടിടത്തിലെ കുളിര്‍മ നിറഞ്ഞ മുറിക്കുള്ളിലെ ജോലിയെക്കാളും ഈ ദമ്പതിമാര്‍ക്കിഷ്ടം ചായയോടെയായിരുന്നു. അതിന് വേണ്ടി പ്രതിമാസം ലക്ഷങ്ങള്‍ വാങ്ങുന്ന ജോലി വേണ്ടെന്ന് വയ്ക്കാനും ഇവര്‍ക്ക് മടിയുണ്ടായിരുന്നില്ല. കമ്പ്യൂട്ടറിന് പകരം ഗ്യാസടുപ്പ്, ചായപ്പാത്രങ്ങള്‍, ടീ കപ്പുകള്‍...സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ നിതിനും പൂജ ബിയാനിയും ചായയുടെ ലോകത്ത് തിരക്കിലാണ്.
പൂനെയിലാണ് നാഗ്പൂര്‍ സ്വദേശികളായ നിതിനും പൂജയും സോഫ്റ്റ്‍വെയര്‍ എന്‍ജിനിയര്‍മാരായി ജോലി ചെയ്തിരുന്നത്. ഐബിഎം, കോഗ്നിസന്റ് തുടങ്ങിയ പ്രമുഖ കമ്പനികളിലായിട്ട് നീണ്ട പത്ത് വര്‍ഷത്തെ സേവന പരിചയമുണ്ട് നിതിന്. കൂടാതെ പ്രതിമാസം 15 ലക്ഷത്തോളം വരുമാനവും. എന്നിട്ടും ഈ ജോലി വിട്ട് ചായക്കട തുടങ്ങിയതെന്തിനാണെന്ന് ചോദിച്ചാല്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണെന്ന് പൂജയും നിതിനും പറയും.
സിഎ റോഡില്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ചായ് വില്ല എന്ന പേരില്‍ പൂജയും നിതിനും ടീ ഷോപ്പ് തുടങ്ങുന്നത്. അമ്പതിലധികം വ്യത്യസ്ത രുചികളിലുള്ള ചായയും കോഫിയും ഇവിടെ കിട്ടും. അതോടൊപ്പം വിവിധ തരത്തിലുള്ള സ്നാക്കുകളും ചായ് വില്ലയില്‍ ലഭിക്കും. ഓഫീസുകള്‍, ബാങ്കുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും ചായയുടെ ഓര്‍ഡര്‍ ലഭിക്കാറുണ്ട്. ചായക്കടയില്‍ നിന്നും മാസം അഞ്ച് ലക്ഷത്തോളം രൂപ വരുമാനമുണ്ടെന്ന് നിതിന്‍ പറഞ്ഞു. വാട്ട്സ്ആപ്പ് വഴിയും ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. വൃത്തിയും വിലക്കുറവാണ് ചായ് വില്ലയിലേക്ക് തങ്ങളെ ആകര്‍ഷിക്കുന്നതെന്നാണ് ഇവിടെയെത്തുന്നവര്‍ പറയുന്നത്.