പാഴാക്കരുത് ഇൗ ഭവനപദ്ധതി
പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബന്‍) പദ്ധതിയിലൂടെ വീട് നിർമിക്കുന്ന ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം മുതല്‍ 2.40 ലക്ഷം രൂപയുടെ വരെ കേന്ദ്ര സഹായം ലഭിക്കും.
നോട്ട് അസാധുവാക്കലിൽ അടിതെറ്റിയ നിർമാണമേഖല പ്രതീക്ഷയർപ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രധാന്‍ മന്ത്രി ആവാസ് യോജന (അര്‍ബന്‍)യിലാണ്. 2015 ജൂൺ 25ന് താഴ്ന്ന വരുമാനക്കാർക്കായി പ്രഖ്യാപിച്ച ഇൗ പദ്ധതി കഴിഞ്ഞ ഡിസംബർ 31ന് കൂടുതൽ വിപുലമാക്കി പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇടത്തരം വരുമാനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. പക്ഷേ, സംസ്ഥാനത്ത് സാധാരണക്കാർക്കിടയിൽ ഇൗ പദ്ധതിയെപ്പറ്റി ഇനിയും ബോധവത്കരണം നടന്നിട്ടില്ല എന്നതാണ് നിർമാണമേഖലയെ കുഴക്കുന്നത്. നിർമാണരംഗത്ത് വൻ കുതിപ്പുണ്ടാക്കുന്നതാണ് പദ്ധതി.
നേരത്തേ പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബന്‍) അനു സരിച്ച് രാജ്യമെമ്പാടുമുള്ള 4,041 നഗരങ്ങളിലും പട്ടണങ്ങളിലുമായി സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 17,73,533 പേർക്ക് വീടുകൾ അനുവദിച്ചിരുന്നു. 2016 ഡിസംബര്‍ 31ന് ഇടത്തരം വരുമാനക്കാരെ കൂടി ഉൾക്കൊള്ളിച്ച് പദ്ധതി പുതുക്കി പ്രഖ്യാപിക്കുകവഴി രാജ്യമെമ്പാടും നഗരമേഖലയില്‍ രണ്ട് കോടി വീടുകള്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. വാർഷിക വരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ പല സ്ലാബുകളായി തിരിച്ചാണ് ആനുകൂല്യം അനുവദിക്കുന്നത്.
മൂന്നുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ (ഇ.ഡബ്ല്യൂ.എസ്), മൂന്നു ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള താഴ്ന്ന വരുമാനക്കാര്‍ (എൽ.െഎ.ജി), ആറു ലക്ഷത്തിനും 12 ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള ഇടത്തരം വരുമാനക്കാര്‍ (എം.ഐ.ജി-1), 12 ലക്ഷത്തിനും 18 ലക്ഷത്തിനുമിടയില്‍ വാര്‍ഷിക വരുമാനമുള്ള ഇടത്തരം വരുമാനക്കാര്‍ (എം.ഐ.ജി-2) എന്നിങ്ങനെയാണ് സ്ലാബ് തിരിച്ചിരിക്കുന്നത്.
പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബന്‍) പദ്ധതിയിലൂടെ വീട് നിർമിക്കുന്ന ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം മുതല്‍ 2.40 ലക്ഷം രൂപയുടെ വരെ കേന്ദ്ര സഹായം ലഭിക്കും. ചേരി നിവാസികള്‍ക്ക് ബഹുനിലക്കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ വീടുകള്‍ ലഭ്യമാക്കുന്നതരത്തില്‍ ചേരികള്‍ പുനര്‍നിര്‍മിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ ധനസഹായം ചേരി നിർമാർജന പദ്ധതിയുടെ ഭാഗമായി കേന്ദ്രം നല്‍കും.
മൂന്നുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വിഭാഗത്തിലുള്ളവര്‍ക്ക് സംസ്ഥാന സഹായത്തോടെ വീട് നിര്‍മിക്കുന്നതിനായി 1.5 ലക്ഷം രൂപ വരെ കേന്ദ്രം നല്‍കും. പുതിയ വീടുകള്‍ നിര്‍മിക്കാനും വീടുകള്‍ പുതുക്കിപ്പണിയാനും കേന്ദ്ര സഹായം ലഭിക്കും. ഇ.ഡബ്ല്യൂ.എസ്, എൽ.െഎ.ജി, എം.ഐ.ജി വിഭാഗത്തിൽപെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും മുറികള്‍, അടുക്കള, ശുചിമുറി എന്നിവ അധികമായി നിര്‍മിക്കുന്നതിനും പലിശ സബ്‌സിഡിയും ലഭ്യമാക്കും.
ഇ.ഡബ്ല്യൂ.എസ്, എൽ.െഎ.ജി വിഭാഗത്തിൽപെട്ട ഗുണഭോക്താക്കള്‍ പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകള്‍ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ സ്ത്രീ അംഗത്തിെൻറ പേരിലോ സ്ത്രീ^പുരുഷ അംഗങ്ങളുടെ പേരില്‍ സംയുക്തമായോ ആയിരിക്കണം. ഇടത്തരം വരുമാനക്കാര്‍ക്കുള്ള ക്രെഡിറ്റ് ബന്ധിത സബ്‌സിഡി പ്രകാരമുള്ള പലിശ സബ്‌സിഡി അവിവാഹിതര്‍ക്കും ലഭ്യമാണ്.
കടപ്പാട്: മാധ്യമം ഓണ്‍ലൈന്‍