ഭുംറ കോടീശ്വരനായ ക്രിക്കറ്റ് താരം; മുത്തച്ഛന്‍ വിശപ്പകറ്റാന്‍ ടെംബോ വാന്‍ ഓടിക്കുന്നു, താമസം വാടകവീട്ടില്‍

Update: 2018-06-03 19:39 GMT
ഭുംറ കോടീശ്വരനായ ക്രിക്കറ്റ് താരം; മുത്തച്ഛന്‍ വിശപ്പകറ്റാന്‍ ടെംബോ വാന്‍ ഓടിക്കുന്നു, താമസം വാടകവീട്ടില്‍
Advertising

ഇന്ത്യന്‍ ക്രിക്കറ്റിലെ തീപ്പൊരി ബോളറാണ് ജസ്‍പ്രീത് ഭുംറ. പേസ് ബോളിങില്‍ ഇന്ത്യയുടെ കുന്തമുന.

ഇന്ത്യന്‍ ക്രിക്കറ്റിലെ തീപ്പൊരി ബോളറാണ് ജസ്‍പ്രീത് ഭുംറ. പേസ് ബോളിങില്‍ ഇന്ത്യയുടെ കുന്തമുന. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എതിരാളികളുടെ അന്തകനായി കോടികള്‍ വാരിക്കൂട്ടി ഭുംറ ആഡംബര ജീവിതം നയിക്കുമ്പോള്‍ താരത്തിന്റെ മുത്തച്ഛന്‍ സന്തോക് സിങ് ഭുംറയുടെ അവസ്ഥ വളരെ പരിതാപകരമാണ്. 84 കാരനായ സന്തോക് വിശപ്പകറ്റാന്‍ ഓട്ടോ ഓടിക്കുകയാണെന്ന് കേട്ടാല്‍ ആരും വിശ്വസിക്കാന്‍ വഴിയില്ല. പക്ഷേ സത്യം അതാണ്. വാടകവീട്ടിലാണ് അദ്ദേഹത്തിന്റെ താമസം.

അഹമ്മദാബാദില്‍ നിന്നു ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗറിലേക്ക് താമസം മാറ്റിയ സന്തോകിന്റെ ജീവിതം ഒരു സിനിമാക്കഥ പോലെയാണ്. ഒരു കാലത്ത് വലിയ പണക്കാരനായ വ്യവസായിയായിരുന്നു സന്തോകും കുടുംബവും. ജസ്‍പ്രീതിന്റെ പിതാവ് ജസ്‍വീര്‍ സിങ് ഭുംറയും സന്തോകും അക്കാലത്ത് മൂന്നു ഫാക്ടറികളുടെ ഉടമകളായിരുന്നു. സമ്പത്തും സമാധാനവും സന്തോഷവുമായി കഴിഞ്ഞിരുന്ന കാലം. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു തിരിച്ചടി. 2001 ല്‍ ജസ്‍പ്രീത് ഭുംറയുടെ പിതാവ് മരണപ്പെട്ടു. സ്വന്തം മകന്റെ അകാലത്തിലുള്ള വിയോഗം സന്തോകിനെ ആകെ ഉലച്ചുകളഞ്ഞു. ബിസിനസില്‍ ശ്രദ്ധയില്ലാതെ ആയി. കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സന്തോക് അറിഞ്ഞില്ല. എന്നാല്‍ അതെല്ലാം മനസിലാക്കി വന്നപ്പോഴേക്കും കാര്യങ്ങളൊക്കെ കൈവിട്ടുപോയിരുന്നു. ബിസിനസൊക്കെ നഷ്ടത്തിലായി. കടം കയറി ശ്വസംമുട്ടിക്കുന്ന അവസ്ഥയായി. അതോടെ കടം തിരിച്ചടക്കാനായി മൂന്നു ഫാക്ടറികളും അദ്ദേഹം വിറ്റു.

Full View

പിന്നീട് 2006 ഓടെ ഉദ്ധം സിങ് നഗറിലേക്ക് കുടിയേറി. ''മകന്റെ മരണശേഷം ബിസിനസ് നോക്കി നടത്താന്‍ ആരുമുണ്ടായിരുന്നില്ല. തനിക്ക് പ്രായവുമേറിയായിരുന്നു. അതുകൊണ്ടാണ് ഇവിടേക്ക് ജീവിതം പറിച്ചുനട്ടത്. - സന്തോക് പറഞ്ഞു. കടംവീട്ടിയ ശേഷം ബാക്കി ഉണ്ടായിരുന്ന പണം കൊണ്ട് നാലു ടെംബോ വാങ്ങാനാണ് സന്തോക് തീരുമാനിച്ചത്. വാങ്ങുകയും ചെയ്തു. പുതിയൊരു ബിസിനസിലേക്കുള്ള ചുവടുവെപ്പായിരുന്നു അത്. എന്നാല്‍ കാലം നഷ്ടങ്ങള്‍ സമ്മാനിച്ചുകൊണ്ടിരുന്നു. ഒടുവില്‍ നാലില്‍ മൂന്നു ടെംബോകളും വില്‍ക്കേണ്ടി വന്നു. ഒടുവില്‍ അന്നന്നത്തെ അന്നത്തിനായി ടെംബോ വാന്‍ ഓടിക്കുകയാണ് സന്തോക്. ശിഷ്ട ജീവിതം വാടകവീട്ടിലും. തന്റെ കൊച്ചുമകനെ കണ്ടിട്ട് വര്‍ഷങ്ങളായെന്ന് പറയുന്ന സന്തോക്, ഒരിക്കലെങ്കിലും അവന്‍ തന്നെ തേടി വരുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.

Similar News