ആധാറുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ റദ്ദാക്കും
രാജ്യത്തെ എല്ലാ സിം കാര്‍ഡുകളും ആധാറുമായി ബന്ധപ്പെടുത്തി സൂക്ഷ്മ പരിശോധന നടത്തമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു
രാജ്യത്തെ എല്ലാ മൊബെല്‍ ഉപഭോക്താക്കളും ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം ഫെബ്രുവരിയ്ക്കുള്ളില്‍ സിം കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തണം. അല്ലെങ്കില്‍ സേവനം റദ്ദാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നറിയപ്പ് നല്‍കി.
രാജ്യത്തെ എല്ലാ സിം കാര്‍ഡുകളും ആധാറുമായി ബന്ധപ്പെടുത്തി സൂക്ഷ്മ പരിശോധന നടത്തമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ നീക്കം . സിം കാര്‍ഡ് ദുരുപയോഗം ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നത് തടയലാണ് തീരുമാനത്തിന്റെ പ്രധാന ലക്ഷ്യമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. സിം കാര്‍ഡുമായി ആധാര്‍ ഉടന്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം ഒട്ടുമിക്ക സേവന ദാതാക്കളും ഉപഭോക്താക്കളുടെ ഫോണിലേക്ക് സന്ദേശം അയച്ച് കഴിഞ്ഞിട്ടുണ്ട്.
അടുത്തവര്‍ഷം ഫെബ്രുവരിക്ക് മുന്‍പ് ഈ നിര്‍ദ്ദേശം പാലിക്കാത്ത ഉപഭോക്താക്കളുടെ സിം റദ്ദാക്കാനാണ് സര്‍ക്കാര്‍ നീക്കം. ആധാര്‍ ആക്ട് 2016 പ്രകാരം ഉപഭോക്താക്കളുടെ ബയോമെട്രിക്ക് വിവരങ്ങള്‍ സേവനദാതാക്കള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഈ സാഹചര്യത്തില്‍ ഇത്തരം വിവരങ്ങള്‍ മൊബൈല്‍ സേവന ദാതാക്കളുടെ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.